ന്യൂസ് ഡെസ്ക് : കാനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനവും കാനഡയുടെ ഭരണപക്ഷ പാര്‍ട്ടി സ്ഥാനങ്ങളും രാജിവച്ച് ജസ്റ്റിന് ട്രൂഡോ. കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് ഒടുവിലാണ് രാജി. ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നാല്‍ ലിബറല്‍ പാര്‍ട്ടി വരും തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുമെന്ന് കാട്ടി പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് രാജി. ലിബറല്‍ പാര്‍ട്ടിയിലെ ജനപ്രതിനിധികളുടെ ഒരു നിര്‍ണായകയോഗം ബുധനാഴ്ച നടക്കാനിരിക്കുകയായിരുന്നു. അതിന് മുന്‍പ് തന്നെ ലിബറല്‍ പാര്‍ട്ടിയുടെ അടിയന്തരയോഗം വിളിച്ച് ട്രൂഡോ തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഒന്‍പത് വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ന്നതോടെ ട്രൂഡോ സ്ഥാനം ഒഴിയുന്നത്.
ലിബറല്‍ പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുപ്പുന്നതുവരെ ട്രൂഡോ തന്നെ സ്ഥാനത്ത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജി വെച്ചിരുന്നു. ഇത് ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. 2025 ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിലെ ലിബറല്‍ പാര്‍ട്ടിയുടെ വിജയത്തില്‍ ട്രൂഡോയുടെ നേതൃത്വമാണ് പ്രധാന തടസമാകുകയെന്നാണ് ടൊറന്റോ എംപി റോബര്‍ട്ട് ഒലിഫാന്റ് അഭിപ്രായപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുവര്‍ഷത്തില്‍ ജസ്റ്റിന് ട്രൂഡോ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ പദ്ധതിയിടുന്നതായി കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ( എന്‍ഡിപി ) നേതാവും ഖലിസ്ഥാന്‍ അനുകൂലിയുമായ ജഗ്മീത് സിങ് പ്രഖ്യാപിച്ചിരുന്നു . ഈ തീരുമാനത്തോടെ എന്‍ഡിപി ജസ്റ്റിന് ട്രൂഡോയുടെ ന്യൂനപക്ഷസര്‍ക്കാരിനുള്ള പിന്തുണ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കണ്‍സര്‍വേറ്റീവുകളും ബ്ലോക്ക് ക്യുബെക്കോയിസും ട്രൂഡോയുടെ രാജിയെ അനുകൂലിച്ചുകൊണ്ട് എന്‍ഡിപിക്കൊപ്പം ചേരുകയായിരുന്നു.
അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെടുകയാണെങ്കില്‍ അത് പാസായേക്കുമെന്ന സാധ്യത ട്രൂഡോ മുന്നില്‍ കണ്ടിരുന്നു. ഈ പ്രമേയം പാസായാല്‍ കനേഡിയന്‍ സര്‍ക്കാര്‍ വീഴുമെന്ന അവസ്ഥയാണ് മുന്നിലുണ്ടായിരുന്നത്. കണ്‍സര്‍വേറ്റീവ് നേതാവ് പിയര്‍ പോളിയെവ് അടക്കമുള്ള പ്രമുഖര്‍ ട്രൂഡോ പുറത്ത് പോയാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്.