കോഴിക്കോട് : പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ വീഡിയോയിൽ ബിജെപി മുൻ അധ്യക്ഷൻ കെ.സുരേന്ദ്രനും, വി മുരളീധരനും. വന്ദേഭാരത് ട്രെയിന്റെ പ്രചാരണത്തിന് വേണ്ടി ജ്യോതി മൽഹോത്ര കേരളത്തിലെത്തിയ വേളയിലാണ് ബിജെപി നേതാക്കൾക്ക് ഒപ്പമുള്ള വീഡിയോ ചിത്രീകരിച്ചത്.
കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി.മുരളീധരനുമായി സംസാരിച്ച് വ്ലോഗും തയ്യാറാക്കി. കാസർകോട് നിന്ന് തിരുവനന്തപുരം വരെയാണ് ജ്യോതി മൽഹോത്ര യാത്ര ചെയ്തത്. 2023 ഏപ്രിൽ 25-നാണ് ഇവർ കാസർകോട് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂടൂബർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് സർക്കാർ ക്ഷണിച്ചു കൊണ്ടുവന്ന സംഭവം ദേശീയ തലത്തിൽ ബിജെപി ചർച്ചയാക്കിയ വേളയിലാണ് കേരളത്തിലെ ബിജെപി നേതാക്കൾക്ക് ഒപ്പമുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നത്. ജ്യോതി ചാരവൃത്തി കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പാണ് ക്ഷണിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിച്ചെങ്കിലും ബിജെപി ആരോപണം കടുപ്പിക്കുകയായിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ പുറത്താക്കണമെന്ന് പോലും നേരത്തെ ബിജെപി ആവശ്യപ്പെട്ടു.
പുതിയ വീഡിയോ പുറത്ത് വന്നതോടെ ബിജെപി നേതൃത്വവും വെട്ടിലായി.
ഹരിയാന സ്വദേശിയായ ജ്യോതി മൽഹോത്ര ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ മെയ് 16 നാണ് അറസ്റ്റിലായത്. പഹൽഗാം ഭീകരാക്രമണ സമയത്തടക്കം പാക് ചാരസംഘടനയ്ക്ക് വിവരങ്ങൾ കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അതിന് മുൻപ് ജ്യോതി പലതവണ പാക്കിസ്ഥാനും ചൈനയും സന്ദർശിച്ച് നിരവധി വീഡിയോകളും യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ സ്വാധീനമുള്ളവരെ ടൂറിസം പ്രചാരത്തിന് ക്ഷണിക്കുന്നതിൻറെ ഭാഗമായാണ് ജ്യോതി മൽഹോത്രയെ കേരളത്തിലെത്തിച്ചതെന്നായിരുന്നു സർക്കാർ നിലപാട്.