കൽപ്പറ്റ: വയനാട് ദുരന്തമേഖലയിലെ ദുരിതബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ തീരുമാനം എടുത്തിട്ടുണ്ടെന്ന് കെ സി വേണുഗോപാൽ എം പി. ദുരന്ത മേഖലയിൽ പ്രവർത്തനം പുരോഗമിക്കുന്നുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഈ സമയത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വാക്ക്പോരിൽ ഏർപ്പെടുന്നത് ദൗർഭാഗ്യകരമാണ്. സർക്കാരുകളുടെ വാക്ക്പോര് ഉത്തരവാദിത്വമില്ലായ്മ ആണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ദുരിതാശ്വാസ നിധിയിലെ ഫണ്ട് വയനാടിന് വേണ്ടി മാത്രം ഉപയോഗിക്കണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. ‘ആദ്യം വന്ന പ്രസ്താവനകളിൽ തെറ്റില്ല. ദുരിതാശ്വാസ നിധിയെക്കുറിച്ച് അങ്ങനെ ഒരു പശ്ചാത്തലം ഉണ്ട്. ഞങ്ങൾ രാഷ്ട്രീയം കാണാൻ ഉദ്ദേശിക്കുന്നില്ല. സുതാര്യമായി നടപടി ഉണ്ടാകണം. ഇത് വയനാടിന് വേണ്ടി മാത്രം ഉപയോഗിക്കണം’, കെ സി വേണുഗോപാൽ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിൻ്റെ പരാമർശങ്ങൾ അനവസരത്തിൽ ഉണ്ടായതാണ്. ജനങ്ങൾ, സർക്കാർ സംവിധാനങ്ങൾ, സൈന്യം എല്ലാം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന സമയമാണ്. ഇത്തരം പ്രസ്താവനകൾ രക്ഷാപ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
അമിത് ഷാ ആദ്യം മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി എന്ന് പറഞ്ഞു. എന്നാൽ ലോക്സഭയിൽ അല്പം മാറ്റിയാണ് പറഞ്ഞത്. പരിസ്ഥിതി മന്ത്രി ഖനനം നടക്കുന്നു എന്ന് പറയുന്നു. നടപടി എടുക്കേണ്ട ആളുകൾ തന്നെ ഇങ്ങനെ പറയുന്നുവെന്ന് എംപി ചൂണ്ടിക്കാണിച്ചു. കേന്ദ്രത്തിലെ സമീപനം ക്രൂരമായി പോയിയെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.
രാഷ്ട്രീയം കളിക്കേണ്ട സമയം ഇതല്ല. വഖഫ് ബിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും എംപി പറഞ്ഞു. ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകളെ ലക്ഷ്യം വെച്ചുള്ള ധ്രുവീകരണ നീക്കമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.