ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു. കാൻസർ രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11.20നായിരുന്നു അന്ത്യം. എന്നും ദലിത് സമൂഹത്തിന്റെ നാവായിരുന്നു അദ്ദേഹം.
ദളിത്-കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും നിരന്തരം പ്രവർത്തിക്കുകയും എഴുതുകയും ചെയ്ത മൗലിക ചിന്തകനായിരുന്നു.
1949 ഫെബ്രുവരി 2ന് കോട്ടയം ജില്ലയിലെ കല്ലറയിൽ ജനനം. കല്ലറ എൻ എസ് എസ് ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1971-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളേജ് വിദ്യാർഥികൾക്കു വേണ്ടി നടത്തിയ സാഹിത്യ മത്സരത്തിൽ നാടകരചനയ്ക്ക് രണ്ടാം സമ്മാനം നേടി. വിദ്യാർഥിയായിരിക്കെ 16 ദിവസം ജയിൽശിക്ഷയനുഭവിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1977-ൽ കെഎസ്ആർടിസിയിൽ ക്ലാർക്കായി 1977 ൽ ജോലിയിൽ പ്രവേശിച്ചു. 2001-ൽ സീനിയർ അസിസ്റ്റന്റായി വിരമിച്ചു. സംഘാടകനും എഴുത്തുകാരനുമായിരുന്ന അദ്ദേഹം യുവജനവേദി, ജനകീയ തൊഴിലാളി യൂണിയൻ, മനുഷ്യാവകാശ സമിതി എന്നീ സംഘടനകൾക്ക് നേതൃത്വം നൽകി. അടിയന്തരാവസ്ഥയിൽ ആറുമാസം ഒളിവിൽ കഴിഞ്ഞിരുന്നു.
ആനുകാലികങ്ങളിലും ടിവി ചാനൽ ചർച്ചകളിലും ദലിത്പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചു. ‘ദലിതൻ’ എന്നത് അദ്ദേഹത്തിന്റെ ആത്മകഥ. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും അടക്കം മറ്റു കൃതികൾ.