മലപ്പുറം : കെ മുരളീധരനെ വടകരയില്‍ നിന്ന് മാറ്റി തൃശൂരില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസെടുക്കുന്ന തീരുമാനം നല്ലതായിരിക്കുമെന്ന് കരുതി സപ്പോർട്ട് ചെയ്യും. പത്മജ പോയത് യുഡിഎഫിന് ഗുണം ചെയ്യും. കോണ്‍ഗ്രസ് ആ സിറ്റുവേഷൻ ബുദ്ധിപരമായി നേരിടുന്നുണ്ട്. നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് ഒന്നും പ്രശ്നമല്ലെന്നും വാപ്പമാർ പോകാതെ നോക്കിയാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് വേരുണ്ടാക്കാൻ കഴിയില്ല. കോണ്‍ഗ്രസ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസ് ആശയ വിനിമയം നടത്തുന്നുണ്ട്. പൂഞ്ഞാറില്‍ പ്രശ്നം ഉണ്ടാക്കിയ കൂട്ടത്തില്‍ എല്ലാവരും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് തൃശ്ശൂരില്‍ ധീരമായ തീരുമാനം ആണെടുക്കുന്നത്. പ്രതാപന് വേണ്ടി ബുക്ക് ചെയ്ത ചുമരുകള്‍ ഇനി മുരളിക്ക് ഉപയോഗിക്കാമല്ലോ എന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേർത്തു.