തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരേ കലാപാഹ്വാനത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. കെ.സുധാകരനെതിരേ എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങള്‍ കലാപാഹ്വാനമുള്ളതും വ്യാജവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതു പ്രവര്‍ത്തകനായ പായിച്ചിറ നവാസ് പോലീസ് മേധാവിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി അയച്ചത്.
മോൻസണ് മാവുങ്കല്‍ പീഡിപ്പിക്കുമ്പോള്‍ കെ.സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന എം.വി. ഗോവിന്ദന്റെ തെറ്റായ പ്രസ്താവന കലാപത്തിന് ആഹ്വാനം ചെയ്യുന്നതും നാട്ടിലെ ക്രമസമാധാനം ഇല്ലാതാക്കുന്നതിനും രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കുന്നതിനും വേണ്ടിയുള്ളതാണെന്നു പരാതിയില്‍ പറയുന്നു. പരാതിയില്‍ അടിയന്തരമായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തലസ്ഥാനത്തെ മാധ്യമങ്ങളുടെ ബ്യൂറോ ചീഫുമാരെ പ്രധാന സാക്ഷികളാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്