ദില്ലി: കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് മാറ്റുന്ന കാര്യം ചർച്ച ചെയ്തില്ലെന്ന കെ സുധാകരൻ്റെ വാദം തള്ളി ഹൈക്കമാൻഡ്. അധ്യക്ഷ പദവിയിലെ മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. ദീപ ദാസ്മുൻഷി റിപ്പോർട്ട് തയ്യാറാക്കിയത് സംസ്ഥാന നേതാക്കളെ കേട്ട ശേഷമാണ്. സുധാകരൻ സജീവമല്ലെന്നും അനാരോഗ്യമുണ്ടെന്നും ദീപയെ ധരിപ്പിച്ചത് സംസ്ഥാന നേതാക്കൾ ആണെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പറയുന്നു. സുധാകരൻ്റെ ഇപ്പോഴത്തെ വിമർശനങ്ങളോട് തൽക്കാലം പ്രതികരിക്കേണ്ടെന്നും നേതൃത്വത്തിന്‍റെ തീരുമാനം.
അതേസമയം, കെപിസിസി അധ്യക്ഷ പദവിമാറ്റ വിവാദത്തിൽ ലീഗ് അതൃപ്‌തി അറിയിച്ചു. തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതാണെന്ന് എല്ലാ പാർട്ടികളെയും ഓർമ്മിപ്പിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. ജനങ്ങളുടെ ഹിതത്തിനനുസരിച്ചു ഉയരാൻ കഴിയണം. കോൺഗ്രസിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെകിൽ അത് അവർ തന്നെ പരിഹരിക്കുമെന്ന് വിശ്വസിക്കുന്നെന്നും സലാം പറഞ്ഞു. യുഡിഎഫിനെ ഭദ്രമാക്കാൻ എല്ലാ കക്ഷികളും ശ്രമിക്കണമെന്നും സലാം കൂട്ടിച്ചേര്‍ത്തു.