ന്യൂസ് ഡെസ്ക് : അനില്‍ ആൻറണിയെ പത്തനംതിട്ടയില്‍ സ്ഥാനാർഥിയാക്കിയതിനെതിരെയുള്ള അമർഷം പരസ്യമായി പ്രകടിപ്പിച്ച പി.സി. ജോർജിന് താക്കീതുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. വാക്കുകള്‍ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണം. മിതത്വം പാലിക്കണം. ഫേസ് ബുക്ക് വഴി എന്തെങ്കിലും വിളിച്ച് പറയുന്നവർ പാർട്ടിയില്‍ കാണില്ല. പി.സി. ജോർജിനെതിരെ നടപടിയുണ്ടാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേന്ദ്രൻ.
പി.സി. ജോർജിനെ സ്ഥാനാർഥിയാക്കാത്തതില്‍ പത്തനംതിട്ട ബി.ജെ.പിയില്‍ അമർഷം ശക്തമാണ്. അനില്‍ ആന്‍റണിയെ സ്ഥാനാർഥിയാക്കിയ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കർഷക മോർച്ച നേതാവ് ശ്യാം തട്ടയില്‍ രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘അനില്‍ ആന്‍റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയെന്നും അനില്‍ ആന്‍റണി ഒരു ലക്ഷം വോട്ട് തികക്കില്ലെ’ന്നും ശ്യാം തട്ടയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ വ്യക്തമാക്കി. വിമർശനത്തിന് പിന്നാലെ ശ്യാം തട്ടയിലിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പാർട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍, ശനിയാഴ്ച തന്നെ പാർട്ടിയുടെ സംഘടനാ ചുമതലയില്‍ നിന്ന് രാജിവെച്ചിരുന്നതായി ശ്യാം മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കി. പി.സി. ജോർജിനെ സഥാനാർഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഔദ്യോഗിക പദവി ഉപേക്ഷിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥാനാർഥിത്വം ഉറപ്പിച്ച പി.സി. ജോർജ് സഭ നേതാക്കളെയും മറ്റും കണ്ട് പിന്തുണ ഉറപ്പാക്കി പ്രചാരണ പ്രവർത്തനങ്ങള്‍ അനൗപചാരികമായി തുടങ്ങുകയും ചെയ്തതിനിടെയാണ് വെള്ളാപ്പള്ളി നടേശൻ ജോർജിനെതിരെ തിരിഞ്ഞത്. പിന്നാലെ മകൻ തുഷാർ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബി.ഡി.ജെ.എസും ജോർജ് സ്ഥാനാർഥിയായാല്‍ സഹകരിക്കില്ലെന്ന നിലപാടുമായി രംഗത്തെത്തി. ഈ സാഹചര്യത്തില്‍ കെ. സുരേന്ദ്രനോ, കേന്ദ്രമന്ത്രി വി. മുരളീധരനോ ജോർജിന്‍റെ രക്ഷക്കെത്താൻ തയാറായില്ലെന്നാണ് ജോർജിനെ പിന്തുണക്കുന്നവരുടെ പരാതി.
മനസ് കൊണ്ട് പി.സി. ജോർജിന്‍റെ സ്ഥാനാർഥിത്വം അംഗീകരിച്ചിരുന്ന ജില്ലയിലെ ഒരുവിഭാഗം ബി.ജെ.പി നേതാക്കളും ബി.ജെ.പിയില്‍ ലയിച്ച ജനപക്ഷത്തിന്‍റെ നിലപാടിന് പിന്തുണയുമായി രംഗത്തുണ്ട്. ബി.ജെ.പിയില്‍ ലയിക്കുന്നതിനുമുമ്ബ് എൻ.ഡി.എയില്‍ ഘടകകക്ഷിയാകാനാണ് ജനപക്ഷം ശ്രമിച്ചത്. അവിടെയും ബി.ഡി.ജെ.എസിന്‍റെ എതിർപ്പാണ് തടസമായത്.