തിരുവനന്തപുരം: അനേകരുടെ ജീവനെടുക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്ത വയനാട് മേപ്പാടി മുണ്ടക്കൈ,ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളത്തെ ഞെട്ടിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേരളം കണ്ട വലിയ പ്രകൃതി ദുരന്തത്തില്‍ സര്‍വ്വ ശക്തിയുമെടുത്തുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്.
വയനാട് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ടുദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന് സുധാകരന്‍ ആഹ്വാനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതീവ ദുഃഖകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതിനോടകം നിരവധി ജീവനുകള്‍ പൊലിഞ്ഞു. മരണ സംഖ്യ ഉയരുമെന്നാണ് സൂചനകള്‍. അതീവ ഗുരുതരമായ സാഹചര്യമാണവിടെ. മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ഈ സാഹചര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സാധ്യതകളും ഫലപ്രദമായി വിനിയോഗിക്കണം.
ആവശ്യമായ മരുന്ന്, ഭക്ഷണം, വസ്ത്രം ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും അടിയന്തരമായി എത്തിക്കണം. മന്ത്രിസഭ ചേര്‍ന്ന് ഉള്‍പ്പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്കും അര്‍ഹമായ സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കണം. ഉള്‍പ്പൊട്ടലില്‍ ഗുരുതമായ പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാസഹായം ഉറപ്പാക്കണം.
സംസ്ഥാനത്തിന് അടിയന്തര പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള പ്രകൃതിദുരന്തങ്ങളില്‍ അക്കപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.