“രാഹുല്‍ ഗാന്ധിക്ക് നന്ദി; പ്രിയങ്കാ ഗാന്ധിയുടെ വരവ് അതിയായ ആഹ്ലാദവും അഭിമാനവും പകരുന്നു; സ്വാഗതം”: കെ സുധാകരൻ

തിരുവനന്തപുരം: എഐസിസി തീരുമാന പ്രകാരം വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയുന്ന രാഹുല്‍ ഗാന്ധിക്ക് നന്ദിയെന്നും അദ്ദേഹത്തിന് പകരമായി എഐസിസി നിയോഗിച്ച പ്രിയങ്കാ ഗാന്ധിക്ക് കേരളത്തിലേക്ക് സ്വാഗതമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിനും വയനാടിലെ ജനങ്ങള്‍ക്കും നല്‍കിയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. കഴിഞ്ഞ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിച്ചത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് മാത്രമാണ്.  

Advertisements

കേരളത്തിലെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഹുല്‍ ഗാന്ധിയെ ഏറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. വയനാട് ലോക്‌സഭാ മണ്ഡലവുമായി രാഹുല്‍ ഗാന്ധിക്ക് വൈകാരികമായ ബന്ധമാണ് ഉണ്ടായിരുന്നത്. വയനാട് തന്റെ കുടുംബമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളത്.അത് അദ്ദേഹം പല സന്ദര്‍ഭങ്ങളിലും ആവര്‍ത്തിക്കുകയും ചെയ്തു. വയനാട്ടിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയേയും അവരുടെ കുടുംബത്തിലെ ഒരംഗത്തെപോലെയാണ് പകരം സ്‌നേഹിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ എഐസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞ് റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചതിനെ കെപിസിസി നേതൃത്വം സ്വാഗതം ചെയ്യുന്നു. നയപരമായ തീരുമാനം കോണ്‍ഗ്രസിന് വേണ്ടിയെടുക്കുമ്പോഴും രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച ദൗത്യം തുടരാന്‍ പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ചതിനെയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്യുന്നു.  

വയനാടും റായ്ബറേലിയും കോണ്‍ഗ്രസിന് എക്കാലവും ഒരുപോലെ പ്രിയപ്പെട്ടതാണ്. ദേശീയ രാഷ്ട്രീയം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം വടക്കേ ഇന്ത്യയില്‍ കൂടുതല്‍ ആവശ്യപ്പെടുന്ന ഘട്ടമാണിത്. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചതിന്റെ ഗുണഫലം ഈ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാണ്. അതുകൊണ്ട് വേദനയോടെയാണങ്കിലും അംഗീകരിക്കുന്നു. 

രാഹുല്‍ ഗാന്ധിയുടെ പിന്തുടര്‍ച്ചയായി വയനാടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കാന്‍ പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ച എഐസിസി തീരുമാനം അതിയായ ആഹ്ലാദവും അഭിമാനവും കേരളത്തിലെ ഞാനുള്‍പ്പടെയുള്ള എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പകരുന്നതാണ്. രാഹുല്‍ ഗാന്ധിയെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയത് പോലെ കേരളത്തിലേയും പ്രത്യേകിച്ച് വയനാടിലെയും ജനങ്ങള്‍ പ്രിയങ്കാ ഗാന്ധിയേയും ഏറ്റുവാങ്ങുമെന്ന് എനിക്കുറപ്പുണ്ട്.

എക്കാലവും യുഡിഎഫിനൊപ്പം ഉറച്ച് നിന്ന മതേതര-ജനാധിപത്യ വിശ്വാസികളാണ് വയനാടിലെ പ്രബുദ്ധരായ ജനത. കേരളത്തിലേയും വയനാടിലേയും ജനങ്ങളോട് ഗാന്ധി കുടുംബവും എഐസിസി നേതൃത്വവും പുലര്‍ത്തിയ വിശ്വാസത്തിനും സ്‌നേഹത്തിനും പകരമായി പ്രിയങ്കാ ഗാന്ധിയേയും  മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ ഉറപ്പുനല്‍കുന്നു.

Hot Topics

Related Articles