കടപ്ലാമറ്റം : ഗ്രാമപഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ്-എം ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് യുഡിഎഫ് മണ്ഡലം കമ്മറ്റി. പഞ്ചായത്തിനെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നതിന് കോടിക്കണക്കിന് രൂപ എംഎൽഎ ഫണ്ട് അനുവദിക്കുകയും വിവിധങ്ങളായ സർക്കാർ പദ്ധതികളും സ്ഥാപനങ്ങളും കടപ്ലാമറ്റത്ത് പഞ്ചായത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കഴിഞ്ഞത് മോൻസ് ജോസഫ് എം.എൽ.എ നൽകിയ വലിയ പരിഗണനയുടെ ഭാഗമായാണെന്ന് യുഡിഎഫ് പറയുന്നു.
2012 ൽ മോൻസ് ജോസഫ് എം.എൽ.എ. യുടെ പരിശ്രമഫലമായി ബി.എം. ആൻഡ് ബി.സി. ഉന്നതനിലവാരത്തിൽ ടാറിംഗ് നടത്തിയ കുമ്മണ്ണൂർ കടപ്ലാമറ്റം- വയല – വെമ്പള്ളി റോഡ് ഇപ്പോൾ ശോച്യാവസ്ഥയിൽ ആയിരിക്കുന്നതിന്റെ ഏക കാരണം കേരളം ഭരിക്കുന്ന എൽ.ഡി.എഫ്. സർക്കാർ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതു മാത്രമാണെന്നും കഴിഞ്ഞ രണ്ട് വർഷമായി റോഡ് നവീകരണത്തിനുവേണ്ടി എം.എൽ.എ. യുടെ നേതൃത്വത്തിൽ സർക്കാരിലേക്ക് സമർപ്പിച്ച എസ്റ്റിമേറ്റിന് അനുമതി കിട്ടാനും ഫണ്ട് ലഭ്യമാക്കാനും കഴിഞ്ഞ രണ്ട് വർഷമായി സർക്കാർ തയ്യാറായിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.കടപ്ലാമറ്റത്തുകൂടി കടന്നുപോകുന്ന മെയിൻ റോഡിന്റെ ശോച്യാവസ്ഥ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും റോഡിന്റെ ശോച്യാവസ്ഥ മോൻസ് ജോസഫ് എം.എൽ.എ. ബോദ്ധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് വകുപ്പ് മന്ത്രിയും എൽ.ഡി.എഫ്. സർക്കാരും ഉറപ്പ് നൽകിയിരിക്കുകയാണ്.