മുംബൈ: കടുവയെ പിടിച്ച് പല്ലെടുത്തിട്ടുണ്ടെന്ന് പ്രസംഗിച്ച ശിവസേന നേതാവിനെതിരെ വന്യജീവി സംരക്ഷണനിയമപ്രകാരം കേസെടുത്ത് മഹാരാഷ്ട്ര വനംവകുപ്പ്. ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവും ബുല്‍ധാന എം.എല്‍.എയുമായ സഞ്ജയ് ഗെയ്ക്വാദിനെതിരെയാണ് കേസെടുത്തത്. എം.എല്‍.എ കഴുത്തിലണിഞ്ഞിരുന്ന ‘കടുവാപ്പല്ല്’ ഫോറൻസിക് പരിശോധനക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈയിടെ നടന്ന ഒരു പരിപാടിയിലാണ് സഞ്ജയ് ഗെയ്ക്വാദ് വിവാദ പ്രസംഗം നടത്തിയത്. 1987ല്‍ താൻ ഒരു കടുവയെ വേട്ടയാടിയിട്ടുണ്ടെന്നും പിടികൂടിയ കടുവയുടെ പല്ല് പറിച്ചെടുത്താണ് കഴുത്തിലണിഞ്ഞിരിക്കുന്നതെന്നും ഇദ്ദേഹം പ്രസംഗിച്ചിരുന്നു. ഈ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഇത് ശ്രദ്ധയില്‍പെട്ട വനംവകുപ്പ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എം.എല്‍.എയുടെ പ്രസംഗം സത്യമാണോയെന്നും കടുവാപ്പല്ല് യഥാർഥ പല്ലാണോയെന്നും പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കടുവാപ്പല്ലാണെന്ന് തെളിഞ്ഞാല്‍ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം എം.എല്‍.എക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. അതേസമയം, പുലിപ്പല്ല് അല്ല എന്ന് തെളിഞ്ഞാല്‍ അണികള്‍ക്ക് മുന്നില്‍ നാണംകെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശിവസേന നേതാവ്.