കടുത്തുരുത്തി: കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലൂടെ കടന്നു പോകുന്ന ഓടയിലേക്ക് ഹോട്ടലില്‍ നിന്നുള്‍പെടെയുള്ള മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ നടപടിയാവിശ്യപെട്ട് വ്യാപാരികളുടെയും നാട്ടുകാരുടെയും കൂട്ടപരാതി. ഓടയില്‍ കെട്ടി കിടക്കുന്ന മാലിന്യത്തെ തുടര്‍ന്ന് സമീപത്തെ കിണറുകളിലെ വെള്ളം മലിനമാകുന്നതായും ടൗണിലും പരിസരത്തും ദുര്‍ഗന്ധം വ്യാപിക്കുന്നതായും പരാതിയിലുണ്ട്. ഐറ്റിസി കവലയില്‍ നിന്നുള്‍പെടെയുള്ള മഴവെള്ളം ഒഴുകി പോകുന്നതിനായി സെന്‍ട്രല്‍ ജംഗ്ഷനിലൂടെ നിര്‍മിച്ചിരുന്ന ഓട, റോഡ് മുറിച്ചു കെവിഎം ഇലക്ട്രിക്കല്‍സിന്റെയും മുണ്ടകപ്പറമ്പില്‍ സ്റ്റോഴ്‌സിന്റെയും മധ്യത്തിലൂടെ ഒഴുകി വലിയതോട്ടിലേക്കാണ് മുന്‍കാലങ്ങളില്‍ കടത്തി വിട്ടിരുന്നത്.
കൂടാതെ തളിയില്‍ ക്ഷേത്രറോഡില്‍ നിന്നുള്‍പെടെയുള്ള മഴവെള്ളം പോലീസ് സ്‌റ്റേഷന് സമീപത്തെ ഓടയിലൂടെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലൂടെ ഒഴുകി വലിയതോട്ടിലേക്കും എത്തിച്ചിരുന്നു. കാലക്രമത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനിലൂടെയെത്തിയിരുന്ന ഓടയിലെ വെള്ളം ഒഴുകിയിരുന്ന കെവിഎം ഇലക്ട്രിക്കല്‍സിന്റെ സമീപത്ത് കൂടി റോഡ് മുറിച്ചൊഴുകിയിരുന്ന ഭാഗം അടച്ചു കെട്ടുകയും പോലീസ് സ്‌റ്റേഷന് സമീപത്തെ ഓടയിലേക്കു ഇതു കൂട്ടി മുട്ടിക്കുകയുമായിരുന്നു. ഇതിലൂടെയെത്തിയിരുന്ന വെള്ളം സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ ഓടയിലൂടെ ഒഴുകി പോവുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഈ ഓടയിലേക്കു സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നുള്‍പെടെ മാലിന്യം തള്ളി വിടുകയാണെന്ന് പരാതിയില്‍ പറയുന്നു. മഴവെള്ളത്തിനൊപ്പം ഈ മാലിന്യമപ്പാടെ വലിയതോട്ടിലേക്കാണ് ഒഴുക്കുന്നത്. വേനല്‍കാലത്ത് ഓടയിലൂടെ വെള്ളമൊഴുക്കില്ലാത്തതിനാല്‍ മാലിന്യം ഓടയില്‍ കെട്ടി നില്‍ക്കുന്നതിനാല്‍ ടൗണില്‍ ദുര്‍ഗന്ധം വ്യാപിക്കുകയാണ്. കൂടാതെ ഓടയില്‍ കെട്ടി നില്‍ക്കുന്ന മലിനജലം സമീപത്തെ കിണറുകളിലെ വെള്ളവും മലിനമാക്കുകയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടി കാണിക്കുന്നു.
പലതവണ പരാതിപെട്ടിട്ടും പ്രശ്‌നപരിഹാരത്തിന് നടപടകളില്ലെന്നും പഞ്ചായത്ത്, ആരോഗ്യ വകുപ്പധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിലുള്ളത്. പാലാ റോഡിലെ വ്യാപാരികള്‍ ഉള്‍പെടെ 63 പേര്‍ ഒപ്പിട്ട പരാതിയാണ് കടുത്തുരുത്തി പഞ്ചായത്തിന് നല്‍കിയിരിക്കുന്നത്.