കടുത്തുരുത്തി : കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് 24 മുതൽ 31 വരെ എഴുമാന്തുരുത്തിൽ നടക്കും. കടുത്തുരുത്തി പഞ്ചായത്ത്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി, ഡിടിപിസി കോട്ടയം, എഴുമാന്തുരുത്ത് ടൂറിസം ക്ലബ് എന്നിവ ചേർന്നാണ് ഫെസ്റ്റ് നടത്തുന്നതെന്ന് പ്രസിഡന്റ് കെ.എസ്.ശ്രീനിവാസൻ, സെക്രട്ടറി കെ.പ്രശാന്ത്, ട്രഷറർ ബെന്നിച്ചൻ കാലായിൽ എന്നിവർ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായ എഴുമാന്തുരുത്ത് ടൂറിസം ക്ലബ് ശിക്കാര വള്ളത്തിലുള്ള പാക്കേജ് നടത്തുന്നുണ്ട്. എഴുമാന്തുരുത്തിൽ നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ച് തണ്ണീർമുക്കം ബണ്ട് ഭാഗം വരെ സഞ്ചരിച്ച് ചെട്ടിമംഗലം ചുറ്റി തിരികെ എഴുമാന്തുരുത്തിലെത്തും വിധമാണ് പാക്കേജ്. 18 പേർക്ക് ശിക്കാര ബോട്ടിൽ സഞ്ചരിക്കാം. നാടൻ ഭക്ഷണം ലഭിക്കുന്നതിനു സ്ത്രീകളുടെ സംരംഭവും ഉണ്ട്.
ശിക്കാര ബോട്ടിലെ കാഴ്ചകൾശാന്തമായ ഉൾനാടൻ തോടുകളിലൂടെയാണ് ശിക്കാര വള്ളത്തിലുള്ള യാത്ര. വിവിധ ഇനം പക്ഷികളും കണ്ടൽക്കാടുകളുമാണ് പ്രധാന ആകർഷണം. കള്ളുചെത്ത്, ഓല മെടയൽ, ചൂണ്ടയിടീൽ ഇവയെല്ലാം കാണാം, പരീക്ഷിക്കാം. നാടൻ മീനുകൾ ചേർത്തുള്ള ഭക്ഷണം നൽകാൻ ഭക്ഷണശാലകളുണ്ട്. കുമരകത്ത് എത്തുന്ന ടൂറിസ്റ്റുകളെ പാക്കേജിന്റെ ഭാഗമായി എഴുമാന്തുരുത്തിൽ എത്തിച്ച് ശിക്കാരവള്ളത്തിൽ സഞ്ചരിച്ച് പ്രകൃതിഭംഗി നിറഞ്ഞ എഴുമാന്തുരുത്തും മുണ്ടാറുമൊക്കെ കാണിക്കാം. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട മുണ്ടാർ പ്രദേശം ഏറെ മനോഹരമാണ്. വിവിധയിനം പക്ഷികളുടെ സങ്കേതമാണ് മുണ്ടാർ.