കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ വനംമന്ത്രിയെ തടഞ്ഞു; റോഡിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ച് പ്രദേശവാസികൾ

മാനന്തവാടി : കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി എകെ ശശീന്ദ്രനെ തടഞ്ഞ് പ്രതിഷേധം. മന്ത്രി, രാധയുടെ വീട്ടിലേക്ക് എത്തുന്ന റോഡിൽ പ്രദേശവാസികൾ കുത്തിയിരുന്നും റോഡിൽ കിടന്നും പ്രതിഷേധിച്ചതോടെ മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടു. വാഹന വ്യൂഹം വഴിയിലായി. പഞ്ചാര കൊല്ലിക്ക് മുൻപുള്ള പിലാക്കാവിലാണ് പ്രതിഷേധം ഉണ്ടായത്.

Advertisements

ആളുകളെ നീക്കാൻ പൊലീസ് ശ്രമം തുടങ്ങിയതോടെ പ്രദേശത്ത് തർക്കവും ഉന്തും തള്ളുമുണ്ടായി. വനംവകുപ്പ് ഉദ്യോഗസ്ഥന് കടുവ ആക്രമണത്തിൽ പരിക്കേറ്റ സാഹചര്യത്തിലല്ലേ മന്ത്രിയെത്താൻ തയ്യാറായതെന്നാണ് ജനങ്ങളുടെ ചോദ്യം. എന്തുകൊണ്ട് ജനങ്ങൾ ദുരിതത്തിലായിട്ടും മൂന്ന് ദിവസമായിട്ടും എത്തിയില്ലെന്നും ജനങ്ങൾ ചോദ്യമുയർത്തി. മന്ത്രി ജനങ്ങളോട് സംസാരിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വാഹനത്തിൽ നിന്നും ഇറങ്ങാനാകാതെ മന്ത്രി 20 മിനിറ്റോളം കാറിലിരുന്നു. വൻ പോലീസ് അകമ്പടിയിലാണ് മന്ത്രി എത്തിയിരുന്നത്. പൊലീസ് ആളുകളെ ബലം പ്രയോഗിച്ചു നീക്കിയതോടെയാണ് കൊല്ലപ്പെട്ട രാധയുടെ വീട്ടിലേക്ക് മന്ത്രിക്ക് കയറാനായത്. സിപിഎം നേതാക്കളും മന്ത്രിക്ക് ഒപ്പമുണ്ട്. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്ക് കരിങ്കൊടി കാണിച്ചു.  

Hot Topics

Related Articles