തൃശൂർ: കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ കയറ്റി വിട്ട സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കണ്ണൂരിൽ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാൾ ഉൾപ്പെടെ പിടിയിലായിട്ടുണ്ട്. പിടിയിലായ മറ്റുള്ളവർ കൈപ്പമംഗലം സ്വദേശികളാണ്. ഡോക്ടറുടെ മൊഴിയെടുത്ത ശേഷം പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉൾപ്പെടെയുള്ളവർ വൈകാതെ വലയിലാകുമെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.
കഴിഞ്ഞ ദിവസമാണ് ഇറിഡിയം നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ പ്രതികാരത്തിൽ കോയമ്പത്തൂർ സ്വദേശി അരുണിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കയറ്റി അയച്ച ശേഷം പ്രതികൾ മുങ്ങി. അരുൺ, സുഹൃത്ത് ശശാങ്കൻ എന്നിവർ അപകടത്തിൽപ്പെട്ട് വഴിയിൽ കിടക്കുകയാണെന്ന് പറഞ്ഞാണ് പ്രതികൾ തൃശൂരിലെ ആംബുലൻസ് ഡ്രൈവറെ വിളിച്ചുവരുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആംബുലൻസ് എത്തിയപ്പോൾ അരുൺ ചോരയിൽ കുളിച്ച് റോഡിൽ കിടക്കുകയായിരുന്നു. പരിക്കേറ്റ ശശാങ്കൻ സമീപത്തുള്ള കാറിൽ ഉണ്ടായിരുന്നു. ശശാങ്കൻ ഉൾപ്പെടെ നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. അരുണിനെയും ശശാങ്കനെയും ആംബുലൻസിൽ കയറ്റിവിട്ട ശേഷം പിന്നാലെ എത്താമെന്ന് മൂന്നംഗ സംഘം ഡ്രൈവറോട് പറഞ്ഞു. തുടർന്ന് ആംബുലൻസ് അതിവേഗം ആശുപത്രിയിൽ എത്തി. എന്നാൽ മൂന്നംഗ സംഘം മുങ്ങി. അരുണിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് നടന്ന കാര്യങ്ങൾ ശശാങ്കൻ വെളിപ്പെടുത്തുന്നത്.
ഇറിഡിയം നൽകാമെന്ന് പറഞ്ഞ് കണ്ണൂർ സ്വദേശിയായ സാദിഖിൽ നിന്ന് താനും അരുണും ചേർന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്ന് ശശാങ്കൻ വെളിപ്പെടുത്തി. ഇറിഡിയം വീട്ടിൽ വെച്ചാൽ അഭിവൃദ്ധി ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാൽ, തട്ടിപ്പ് മനസിലാക്കിയ സാദിഖും സംഘവും അരുണിനെയും ശശാങ്കനെയും പാലിയേക്കര ടോൾ പ്ലാസയിലേയ്ക്ക് വിളിച്ചു വരുത്തി.
കാറിൽ സമീപത്തെ എസ്റ്റേറ്റിൽ എത്തിച്ച് ക്രൂരമായി മർദ്ദിച്ചു. അരുൺ മരിച്ചെന്ന് മനസിലായതോടെ ഇരുവരെയും കൈപ്പമംഗലത്ത് എത്തിച്ച് ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് ശശാങ്കന്റെ മൊഴി. ശശാങ്കന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.