ന്യൂഡല്‍ഹി : വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പറഞ്ഞ ബോളിവുഡ് നടി കജോളിനെതിരെ സംഘ്പരിവാര്‍ സൈബറാക്രമണം.കാജള്‍ ഒരു നേതാവിന്റെയും പേര് പരാമര്‍ശിച്ചില്ലെങ്കിലും സംഘ്പരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്ന് രൂക്ഷമായ ആക്രമണമാണ് കജോളിനെതിനെ നടക്കുന്നത്.
കജോള്‍ സ്കൂള്‍ വിദ്യാഭ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ആളാണെന്നും അവരുടെ ഭര്‍ത്താവ് കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത ആളാണെന്നും ബോളിവുഡ് തന്നെ വിദ്യാഭ്യാസമില്ലാത്തവരുടെ താവളമാണെന്നും ആക്ഷേപിച്ച് ഹിന്ദുത്വ പ്രൊഫൈലുകള്‍ രംഗത്തെത്തി. ഷാരൂഖ് ഖാൻ, സല്മാൻ ഖാൻ തുടങ്ങിയവര്‍ക്കൊപ്പമുള്ള കജോളിന്റെ ഫോട്ടോകള്‍ ട്വീറ്റ് ചെയ്ത് വര്‍ഗീയപ്രചാരണത്തിനുള്ള നീക്കവും നടക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം കജോള്‍ ഒരാളുടെയും പേര് പറയാതിരുന്നിട്ടും അത് മോദിയെക്കുറിച്ചാണെന്ന് എങ്ങനെ മനസ്സിലായെന്ന പരിഹസിക്കുന്ന ട്രോളുകള്‍ പലരും ട്വീറ്റ് ചെയ്യുന്നുണ്ട്. അവര്‍ ഒരാളുടെയും പേര് പറഞ്ഞിട്ടില്ല പക്ഷേ ഒരുപാട് ഭക്തര്‍ ഈ പ്രസ്താവന അവരുടെ പ്രിയപ്പെട്ട നേതാവിനെ അപമാനിക്കലായാണ് സ്വീകരിച്ചതെന്ന് ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു.
തന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കജോള്‍ രംഗത്തെത്തി. ”വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞാൻ ഒരു കാര്യം പറയുകയായിരുന്നു. ഒരു രാഷ്ട്രീയ നേതാക്കളെയും തരംതാഴ്ത്തുക എന്നതല്ല എന്റെ ഉദ്ദേശം, രാജ്യത്തെ നേര്‍വഴിക്ക് നയിക്കുന്ന ചില മഹത്തായ നേതാക്കള്‍ നമുക്കുണ്ട്” – കജോള്‍ ട്വീറ്റ് ചെയ്തു.