പത്തനംതിട്ട: ടാറിങ് പൂര്‍ത്തിയായി 6 മാസം പോലും കഴിയാത്ത ആങ്ങമൂഴി-കക്കി റോഡില്‍ വീണ്ടും കുണ്ടും കുഴിയും. ടാറിങ് പൂര്‍ത്തിയാക്കി മടങ്ങിയ ആദ്യ ആഴ്ച തന്നെ റോഡില്‍ കുഴികള്‍ തെളിഞ്ഞു തുടങ്ങി. പഴയ ടാറിങ് ഇളക്കി എടുത്ത ശേഷമായിരുന്നു ടാറിങെങ്കിലും വ്യാപകമായ ക്രമക്കേടാണ് നടന്നത്.ടാറിങ് ഇളക്കുന്ന ജോലികള്‍ പലയിടത്തും കൃത്യമായി നടന്നില്ല. ടാറിങ് ചെയ്ത ഭാഗം കാലവര്‍ഷക്കെടുതിയില്‍ ഒലിച്ചു പോയതാണ് റോഡ് ഇത്രയും പെട്ടെന്നു തകരാന്‍ കാരണമായതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഓടകള്‍ കൃത്യമായി നിര്‍മിക്കാത്തതിനാല്‍ മഴവെള്ളം നടുറോഡിലൂടെ ഒഴുകുന്നത് ടാറിങ് ഒലിച്ച് പോകാന്‍ പ്രധാന കാരണമായി. ഒട്ടേറെ കലുങ്കുകള്‍ അടഞ്ഞ് കിടക്കുന്നു. മഴ തുടങ്ങിയാല്‍ പിന്നെ ഓടകളിലൂടെ ശക്തമായ ഒഴുക്കാണ്. ഒരു കിലോമീറ്റര്‍ ടാര്‍ ചെയ്യാന്‍ കോടികളാണു എസ്റ്റിമേറ്റ്. തീര്‍ത്തും ഗുണനിലവാരം ഇല്ലാതെ നിര്‍മിച്ച റോഡിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിട്ടും അധികൃതരുടെ മൗനാനുവാദത്തോടെ കരാറുകാര്‍ ബില്‍ മാറി പോയി. മരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ അഭാവത്തിലായിരുന്നു ടാറിങ്. ഉദ്യോഗസ്ഥര്‍ എത്തിയാലും കരാറുകാര്‍ക്കു തോന്നുംവിധമാണ് ടാറിങ് പൂര്‍ത്തിയാക്കിയത്.