കൊച്ചി: എറണാകുളം കളമശ്ശേരി സെന്റ് പോള്‍സ് സ്കൂളില്‍ മസ്തിഷ്കജ്വരം ബാധിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. വൈറല്‍ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് കുട്ടികളില്‍ മൂന്ന് പേർക്ക് സ്വകാര്യ ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചു. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാല്‍ സ്കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടു.
എറണാകുളം കളമശേരിയില്‍ മസ്തിഷ്ക ജ്വരത്തെ തുടർന്ന് 5 വിദ്യാർത്ഥികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ മൂന്ന് പേർക്ക് വൈറല്‍ മെനിഞ്ചൈറ്റിസ് രോഗം സ്ഥീരികരിച്ചെന്ന് ഇവർ ചികിത്സയില്‍ തുടരുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറിയിച്ചു. ഇക്കാര്യം പൂർണ്ണമായി സ്ഥിരീകരിക്കാൻ ആരോഗ്യവിഭാഗത്തിന്റെ പരിശോധന തുടരുകയാണ്. കടുത്ത, പനി, തലവേദന, ഛർദി എന്നിവയായിരുന്നു ലക്ഷണങ്ങള്‍. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കളമശേരി സെന്റ് പോള്‍സ് ഇന്റർനാഷണല്‍ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ലാത്തത് ആശ്വാസം.