പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂർ പാടത്ത് സ്വന്തം ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന് യുവാവ്. പാടം പടയണിപ്പാറ വൈഷ്ണവി (28), അയൽക്കാരനും സുഹൃത്തുമായ വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജു ഭവനം ബൈജുവിനെ കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 11 മണിയോട് കൂടി വിഷ്ണുവിന്റെ വാടക വീടിന്റെ മുന്നിലിട്ടാണ് രണ്ട് പേരെയും ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരണമടഞ്ഞു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം ബൈജു തന്നെ സുഹൃത്തുക്കളെ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. വിഷ്ണുവും ബൈജുവും ചെറുപ്പം മുതലേ സുഹൃത്തുകളാണ്. ഇരുവരും മരപ്പണിക്കാരാണ്.
കൊല്ലപ്പെട്ട വിഷ്ണുവുമായി ബൈജുവിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ഒപ്പം ഭാര്യ വൈഷ്ണവിയും വിഷ്ണുവും നിരന്തരം ഫോൺ വിളിക്കുന്നതും ബൈജുവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.