തൊടുപുഴ : കലയന്താനി കൊലപാതകത്തില്‍ വ്യാപാരി ബിജു ജോസഫിന്റെ സ്കൂട്ടർ കണ്ടെത്തി. കൊലപാതകത്തിന് ശേഷം പ്രതി മുഹമ്മദ് അസ്ലം ബിജു ജോസഫിന്റെ സ്‌കൂട്ടർ എറണാകുളം വൈപ്പിനിലേക്ക് മാറ്റിയിരുന്നു.കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി കൊച്ചിയില്‍ നടത്തിയ തെളിവെടുപ്പിലാണ് ഇരുചക്രവാഹനം കണ്ടെത്താനായത്. നേരത്തെ ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ നിർണായക തെളിവുകളില്‍ ഒന്നായ ഒമിനി വാൻ കലയന്താനിക്ക് സമീപം അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
വാനില്‍ കയറ്റിയ ശേഷം ബിജുവിനെ മർദിച്ചത് ആഷിഖും, മുഹമ്മദ് അസ്ലവും ചേർന്നായിരുന്നു. വാൻ ഓടിച്ചത് മുഖ്യപ്രതി ജോമോനാണ്. ജോമോന്റെ ഭാര്യയുടെ ചികിത്സയുടെ ആവശ്യത്തിനെന്നു പറഞ്ഞായിരുന്നു വാൻ വാങ്ങിയതെന്ന് ഉടമ സിജോ ട്വന്റി ഫോറിനോട് പറഞ്ഞു. ക്രൂരമായ കൊലപാതകം നടന്നത് വാർത്തകളിലൂടെയാണ് താൻ അറിഞ്ഞത്. കൊലപാതകം നടന്ന ദിവസം രാവിലെ 9 മണിയോടെ വാഹനം തിരികെ വീട്ടില്‍ എത്തിക്കുകയായിരുന്നു. താക്കോലിനായി വിളിച്ചെങ്കിലും ജോമോന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു എന്നും സിജോ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാനിനുള്ളില്‍ നിന്നും രക്തക്കറ ഫോറെൻസിക്ക് സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൃത്യത്തിന് ശേഷം വാഹനം കഴുകി തെളിവ് നശിപ്പിക്കാൻ പ്രതികള്‍ ശ്രമിച്ചു. തുടർന്ന് സുഹൃത്തിൻറെ വീട്ടില്‍ വാൻ കൊണ്ടിടുകയായിരുന്നു.
അതേസമയം, കേസില്‍ മുഖ്യ പ്രതിയായ ജോമോൻ, മുഹമ്മദ് അസ്ലം, ആഷിഖ് എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി. ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കാപ്പ പ്രകാരം റിമാൻഡിലുള്ള ജോണ്‍സന് വേണ്ടി പൊലീസ് പ്രൊഡക്ഷൻ വാറണ്ട് നല്‍കി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അടുത്ത ദിവസം തന്നെ ഇയാളെയും തൊടുപുഴയില്‍ എത്തിച്ച് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.