ഇപ്പോഴത്തെ സിനിമകള്‍ പ്രേക്ഷകർ ഓർക്കുന്നില്ലെന്ന് സംവിധായകൻ കമല്‍. മലയാളസിനിമയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമകളുടെ പ്രമോഷനുകളില്‍ പോലും സംവിധായകർക്ക് സ്ഥാനം ലഭിക്കാത്ത അവസ്ഥയാണെന്നും കമല്‍ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
‘മുൻപ് പരാജയപ്പെട്ട സിനിമകള്‍ വരെ ജനങ്ങളുടെ മനസിലുണ്ടായിരുന്നു. ഇപ്പോള്‍ വിജയിച്ച സിനിമകള്‍ പോലും ആരും ഓർക്കുന്നില്ല. ഇത് പുതിയ സംവിധായകർ നേരിടുന്ന പ്രതിസന്ധിയാണ്. സിനിമയുടെ സെറ്റില്‍ പല താരങ്ങളും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അത് മറ്റൊരു പ്രതിസന്ധിയാണ്. ആദ്യത്തെ സിനിമ സൂപ്പർ ഹിറ്റാക്കിയ പല സംവിധായകരും അടുത്ത ചിത്രം നിർമിക്കാൻ വർഷങ്ങളോളം കാത്തിരിക്കുന്ന അവസ്ഥയാണ്. താരങ്ങളുടെ പിറകെ പോകുന്നതാണ് പ്രശ്നം. പല സംവിധായകർക്ക് സിനിമയില്‍ വ്യക്തി മുദ്ര പതിപ്പിക്കാൻ സാധിക്കുന്നില്ല. ഒരു സംവിധായകന്റെ പേരില്‍ അല്ല സിനിമ അറിയപ്പെടുന്നത്. എല്ലാവരും താരങ്ങളുടെ പ്രശ്നമാണ് പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംവിധായകരുടെ പ്രശ്നം മനസിലാക്കുന്നില്ല. അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഹിറ്റായി മാറിയത് രോമാഞ്ചം എന്ന ചിത്രമായിരുന്നു. ആ ചിത്രത്തിന്റെ സംവിധായകനെക്കുറിച്ച് ആരും പറയുന്നില്ല. അതുകൊണ്ട് സംവിധായകരുടെ നിലനില്‍പ്പ് പ്രധാനപ്പെട്ടതാണ്. പ്രമോഷൻ പരിപാടികളില്‍ പോലും സംവിധായകരില്ല. പ്രമോഷന് എത്തുന്ന താരങ്ങള്‍ സിനിമയെക്കുറിച്ചല്ലല്ലോ സംസാരിക്കുന്നത്. അവർ എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നു. അത് വൈറലാകുന്നു. അതാണോ സിനിമയുടെ പ്രമോഷൻ?
അതുകൊണ്ട് നിർമാതാക്കള്‍ക്ക് ലാഭമില്ല. താരങ്ങളാരും സിനിമയുടെ സംവിധായകരെ പ്രമോഷനുകളില്‍ പരിചയപ്പെടുത്തുന്നില്ല.
ഒരു സിനിമ സംവിധായകന്റെയും നിർമാതാവിന്റെയുമാണ്. സിനിമയുടെ നിയന്ത്രണം ഇവരുടെ കൈയില്‍ വരാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഒരു താരത്തെ ആശ്രയിച്ചാണ് സിനിമ ഉണ്ടാകുന്നത്. പുതിയ സംവിധായകന് സിനിമ കിട്ടണമെങ്കില്‍ താരം കനിയേണ്ട അവസ്ഥയാണ്. ഞാൻ സിനിമകള്‍ ചെയ്ത് തുടങ്ങിയ സമയത്ത് നിർമാതാവിന്റെ അടുത്താണ് ആദ്യം കഥ പറയുന്നത്. അത് നിർമാതാവിന് ഇഷ്ടപ്പെട്ടതിന് ശേഷമാണ് സിനിമയില്‍ ആര് അഭിനയിക്കുമെന്ന് തീരുമാനിക്കുന്നത്. ഇപ്പോഴുളള നിർമാതാവിന് സിനിമയുടെ കഥ പോലും അറിയാത്ത അവസ്ഥയാണ്. ഇപ്പോഴുളള താരങ്ങള്‍ ഈ പ്രവണയതാണ് കാണുന്നത്. ഇതൊക്കെ ചർച്ച ചെയ്യേണ്ടതാണ്. അതൊക്കെ മാറണമെങ്കില്‍ എല്ലാവരും സഹകരിക്കണം. സൂപ്പർതാരങ്ങള്‍ പലരും പ്രതിഫലമില്ലാതെ സിനിമകള്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും ഒരുപാട് സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അവരെ പോലെ മറ്റുളളവർ പറയുന്നത് ശരിയല്ല. അതൊക്കെ ചിന്തിക്കണമെന്നും കമല്‍ പറഞ്ഞു.