ദില്ലി: വടക്കു കിഴക്കൻ ദില്ലി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാർ മെയ് മൂന്നിന് നാമനിർദേശ പത്രിക സമർപ്പിച്ചു. പൂജ ചെയ്ത ശേഷമാണ് കനയ്യ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. മുതിർന്ന ആം ആദ്മി പാർട്ടി (എഎപി) നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായിയുടെ സാന്നിധ്യത്തിൽ നന്ദ് നഗ്രിയിലെ ജില്ലാ മജിസ്ട്രേറ്റിൻ്റെ ഓഫീസിലാണ് കുമാർ നാമനിർദേശ പത്രിക സമർപ്പിച്ചത്.
റാലിയോടെയാണ് കനയ്യ എത്തിയത്. റാലിയിൽ ബുൾഡോസർ അടക്കം ഉണ്ടായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതേ മണ്ഡലത്തിൽ നിന്ന് ബിജെപിയുടെ രണ്ട് തവണ എംപിയായ ഭോജ്പുരി ഗായകനും രാഷ്ട്രീയക്കാരനുമായ മനോജ് തിവാരിക്കെതിരെയാണ് കനയ്യ കുമാർ മത്സരിക്കുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസരായ് സീറ്റിൽ നിന്ന് സിപിഐ സ്ഥാനാർത്ഥിയായി കനയ്യ മത്സരിച്ചിരുന്നു. ദില്ലിയിൽ എഎപിയുമായി സഖ്യത്തിലാണ് കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.