മാണ്ഡി: ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡി പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ചലച്ചിത്ര താരം കങ്കണ റൗണത്തിനെതിരെ കരിങ്കൊടി പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കങ്കണക്കെതിരെ പ്രതിഷേധിച്ചത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്.
മാണ്ഡി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ലാഹൗൾ ആൻറ് സ്പിതി ജില്ലയിലെ കാസയില്‍ വച്ച് കങ്കണ റൗണത്തിന്റെ വാഹനവ്യൂഹത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രദേശവാസികളും കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘കങ്കണ ഗോ ബാക്ക്’ എന്ന മുദ്രാവാക്യം പ്രതിഷേധത്തില്‍ ഉയര്‍ന്നു. അതേസമയം കങ്കണയുടെ കാറിന് നേര്‍ക്ക് കല്ലേറുണ്ടായി എന്ന് ബിജെപി ആരോപിച്ചു. ഹിമാചല്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ജയ്റാം താക്കൂറിനൊപ്പം കാസയിലെ റാലിയില്‍ ഇന്ന് കങ്കണ പങ്കെടുത്തിരുന്നു. ഇതുകഴിഞ്ഞ് മടങ്ങുമ്പോഴാണ് പ്രതിഷേധമുണ്ടായത്. റാലി തടസപ്പെടുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതായി ജയ്റാം താക്കൂര്‍ ആരോപിച്ചു.
ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ മുഖാമുഖം വന്നെങ്കിലും സംഘര്‍ഷമോ പരിക്കോ ഇല്ലെന്ന് ലാഹൗൾ ആൻറ് സ്പിതി എസ്പി മായങ്ക് ചൗധരി പിടിഐയോട് പറഞ്ഞു. ടിബറ്റന്‍ ആത്മീയാചാര്യന് ദലൈലാമയെ കുറിച്ച് കങ്കണ റൗണത്ത് നടത്തിയ പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണം എന്നാണ് കോണ്‍ഗ്രസ് വിശദീകരണം.
സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം, കങ്കണയുടെ പരാമര്‍ശത്തില്‍ വേദനിച്ചവരും ചേര്‍ന്നപ്പോഴാണ് സംഘര്‍ഷ സാധ്യതയുണ്ടായത് എന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കോര്‍ഡിനേറ്റര്‍ ബിഷാന്‍ ഷാഷ്നി അവകാശപ്പെട്ടു.
കങ്കണ റണൗത്തിന്റെ ലോക്സഭയിലേക്കുള്ള കന്നി മത്സരത്തില്‍ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് മാണ്ഡി മണ്ഡലത്തില്‍ എതിര് സ്ഥാനാര്‍ഥി. ജൂണ്‍ 1-ാം തിയതിയാണ് മാണ്ഡിയടക്കം ഹിമാചല്‍പ്രദേശിലെ എല്ലാ ലോക്സഭ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുക.