കാഞ്ഞങ്ങാട്: കാസര്‍കോട് പള്ളിക്കരയില്‍ അച്ഛനെ തലക്കടിച്ച് കൊന്ന മകന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രവാസിയായ പ്രമോദാണ് അറസ്റ്റിലായത്. ഇതിന് മുൻപും അച്ഛനെ കൊല്ലാൻ പ്രമോദ് ശ്രമിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ ഇയാള്‍ അച്ഛനെ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ആ കേസില്‍ പ്രമോദിനെ പിടികൂടിയിരുന്നെങ്കില്‍ ഈ കൊലപാതകം നടക്കില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് പള്ളിക്കര കൊട്ടയാട്ട് വീട്ടിലെ 67 വയസുകാരനായ അപ്പക്കുഞ്ഞിയെ കമ്പിപ്പാര കൊണ്ട് മകന് പി.ടി പ്രമോദ് തലക്കടിച്ച് കൊലപ്പെടുത്തിയത്. പ്രമോദ് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. മദ്യപിച്ച് വീട്ടില്‍ സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളാണ് 37 കാരനായ പ്രമോദെന്നാണ് പൊലീസ് പറയുന്നത്.
പ്രമോദ് ഞായറാഴ്ച ഉച്ചയ്ക്കും അപ്പക്കുഞ്ഞിയെ ക്രൂരമായി ആക്രമിച്ചിരുന്നു. ചുറ്റിക കൊണ്ടും പൈപ്പ് റെയ്ഞ്ച് കൊണ്ടും തലക്കടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തലയില്‍ മാത്രം 26 തുന്നിക്കെട്ടലുകളുണ്ടായിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയതില്‍ വധശ്രമത്തിന് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. പ്രമോദിനെ എത്രയും വേഗം അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഈ കൊലപാതകം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പൊലീസില്‍ പരാതി നല്‍കിയത് അറിഞ്ഞാണ് പ്രമോദ് വീണ്ടും വീട്ടിലെത്തിയതും പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതും. അഛനെ പ്രമോദ് പതിവായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പരിസര വാസികള്‍ പറയുന്നത്. ചുറ്റിക കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചിട്ടും പ്രമോദിനെ വേഗത്തില്‍ പൊലീസ് പിടികൂടാതെ ഇരുന്നത് എന്താണെന്നാണ് ഉയരുന്ന ചോദ്യം.