കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ ഗോൾഡ് കവറിംഗ് സ്ഥാപനത്തിൽ നിന്ന് പട്ടാപകൽ ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം. ജീവനക്കാരിയുടെ സമയോചിത ഇടപ്പെടൽ മൂലം മോഷ്ടാവിന്‍റെ ശ്രമം വിഫലമായി. കാഞ്ഞിരപ്പള്ളി ഫാത്തിമ ഗോൾഡ് കവറിംഗ് സ്ഥാപനത്തിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. ലേഡീസ് സ്റ്റാഫ് മാത്രമുള്ള സമയത്ത് മാസ്ക് ധരിച്ച് എത്തിയയാളാണ് തട്ടിപ്പിന് ശ്രമം നടത്തിയത്. കടയിൽ വന്ന് ഉടമസ്ഥനെ ഫോണിൽ വിളിക്കുകയാണെന്ന വ്യാജനെ സംസാരിച്ച ശേഷം 3800 രൂപ തന്‍റെ കയ്യിൽ തരാൻ ഉടമ പറഞ്ഞെന്ന് സ്റ്റാഫിനെ തെറ്റിധരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. എന്നാൽ, ജീവനക്കാരി ഉടമസ്ഥനോട് ചോദിച്ചിട്ട് പണം തരാമെന്ന് പറഞ്ഞതോടെ ഇയാൾ സ്ഥാപനത്തിൽ നിന്നും കടന്ന് കളയുകയായിരുന്നു. മാസ്ക് ധരിച്ചതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.