കാഞ്ഞിരപ്പള്ളി : പ്ലാസ്റ്റിക്ക് നിരോധനം വന്നതിലൂടെ പൊതുജനങ്ങള്‍ക്ക് കടകമ്പോളങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനും, അത് കൊണ്ടുപോകുവാനും ഉണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്നിട്ടിറങ്ങുകയാണ്. ബ്ലോക്ക് പഞ്ചായത്തും താലൂക്ക് വ്യവസായ വകുപ്പും സംയുക്തമായി സൗജന്യ പേപ്പര്‍ ക്യാരിബാഗ് നിര്‍മ്മാണ പരിശീലന പരിപാടിയും അതിലൂടെ പരിശീലനം നേടുന്നവര്‍ക്ക് ആയതിനു വേണ്ടുന്ന യന്ത്ര സാമഗ്രികളും യഥാസമയം വിതരണം ചെയ്യുവാന്‍ പദ്ധതി തയ്യാറാക്കുകയാണ്. സൗജന്യ പരിശീലനത്തിന്റെ ആദ്യ ബാച്ച് തെരഞ്ഞെടുക്കപ്പെട്ട 30 വനിതകള്‍ക്കാണ് നല്‍കുന്നത്. വനിതാ ശാക്തീകരണവും വനിതകള്‍ക്ക് സ്വയം തൊഴില്‍ ഉറപ്പാക്കുന്നതിനുള്ള പദ്ധതി കൂടിയാണ് ബ്ലോക്ക് പഞ്ചായത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പണി പൂര്‍ത്തീകരിച്ച് കിടക്കുന്ന മുഴുവന്‍ വനിത തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ഇതിലൂടെ സജീവമാകും.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മോഹനന് റ്റി.ജെ., രത്നമ്മ രവീന്ദ്രന്, ജയശ്രീ ഗോപിദാസ്, ജോയിന്റ് ബി.ഡി.ഒ. സിയാദ്, വ്യവസായ ഓഫീസര്‍ ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.