ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ സ്റ്റോറി
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും, മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി എത്തിയത് കരുതിക്കൂട്ടിത്തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. കയ്യിൽ കരുതിയ റിവോൾവർ ഫുൾ ലോഡാക്കിയാണ് സ്ഥലത്ത് എത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. പ്രാഥമിക പരിശോധനയിൽ നാല് വെടിയുണ്ടയുടെ കാലിക്കേസ് കണ്ടെത്തിയിട്ടുണ്ട്. നാലു വെടിയുണ്ടകളാണ് കൊല്ലപ്പെട്ട കാഞ്ഞിരപ്പള്ളി മണ്ണാറയക്കം കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലിൽ രാജു -78) എന്നിവരുടെ ശരീരത്തിൽ തുളഞ്ഞു കയറിയതെന്നാണ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോർജ് കുര്യനെ (52) ഇന്ന് റിമാൻഡ് ചെയ്‌തേക്കും.
തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കാഞ്ഞിരപ്പള്ളി മണ്ണാറക്കടം കരിമ്പനാൽ വീട്ടിൽ വെടിയൊച്ച മുഴങ്ങിയത്. കുടുംബത്തിന്റെ സ്വത്തായ രണ്ട് ഏക്കർ സ്ഥലം ജോർജ് കുര്യൻ സ്വന്തം പേരിലേയ്ക്ക് എഴുതി വാങ്ങിയിരുന്നു. ഇതേച്ചൊല്ലി ജോർജും, രഞ്ജുവു തമ്മിൽ തർക്കവും പതിവായിരുന്നു. ഇതേപ്പറ്റി സംസാരിക്കുന്നതിനായാണ് കൊച്ചിയിലെ ഫ്‌ളാറ്റ് നിർമ്മാതാവായ ജോർജും, ഊട്ടിയിൽ വ്യവസായിയായ രഞ്ജുവും വീട്ടിലെത്തിയത്. അരയിൽ നിറതോക്കുമായാണ് ജോർജ് വീട്ടിലെത്തിയത്. തുടർന്ന്, തർക്കത്തിനിടെ വെടി ഉതിർക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലപ്പെട്ട രഞ്ജുവിന്റെ തലയിലും, നെഞ്ചിലും വെടിയുണ്ട പാഞ്ഞു കയറിയതിന്റെ പാടുകളുണ്ട്. മാത്യു സ്‌കറിയയുടെ തലയോട് തുളച്ച് വെടിയുണ്ട പാഞ്ഞു പോയതിന്റെ പാടുണ്ട്. ഇദ്ദേഹത്തിന്റെ നെഞ്ചിലും വെടിയുണ്ട കയറിയിട്ടുണ്ട്. സംഭവം നടന്ന വീട്ടിൽ നടത്തിയ അന്വേഷണത്തിൽ കാഞ്ഞിരപ്പള്ളി സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നാലു കാലിക്കേസ് വെടിയുണ്ടകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജോർജ് ക്ലോസ് റേഞ്ചിൽ നിന്നാണ് രണ്ടു പേർക്കു നേരെയും വെടി ഉതിർത്തതെന്ന സംശയമാണ് ഉയരുന്നത്.
ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യുന്നതോടെ മാത്രമേ എത്ര വെടിയുണ്ടകൾ ശരീരത്തിലുണ്ടെന്നതിനു വ്യക്തമായ ഉത്തരം ലഭിക്കൂ. രണ്ടു പേരുടെയും ശരീരം എക്‌സ്‌റേ പരിശോധനയ്ക്ക് അടക്കം വിധേയമാക്കുമെന്നു കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി പി.എൻ ബാബുക്കുട്ടൻ അറിയിച്ചു. ഇതിനു ശേഷമാവും വിശദമായി അന്വേഷണം നടത്തുക. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.