കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ്: നാലാം വാര്‍ഡില്‍ ഇരട്ടവോട്ടെന്ന് കണ്ടെത്തല്‍; വോട്ടിങ് മെഷീനുകള്‍ പരിശോധിക്കും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലാം വാര്‍ഡായ മഞ്ഞപ്പള്ളിയില്‍ ഇരട്ടവോട്ട് നടന്നതായി കോടതിയുടെ കണ്ടെത്തല്‍.

Advertisements

ഈ വോട്ട് അസാധുവാക്കി വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയ ഇരട്ട വോട്ടുകള്‍ ഏത് സ്ഥാനാര്‍ഥിക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പരിശോധിക്കാന്‍ കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി ഉത്തരവിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. ഇരട്ട വോട്ടുകള്‍ ചൂണ്ടിക്കാണിച്ച് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ സിബു ദേവസ്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.

മറ്റ് വാര്‍ഡുകളില്‍ വോട്ട് ചെയ്ത അഞ്ച് വോട്ടര്‍മാര്‍ മഞ്ഞപ്പള്ളി വാര്‍ഡില്‍ കള്ളവോട്ട് ചെയ്തതായും ഇത് ഇരട്ട വോട്ടുകളായി പരിഗണിച്ച് റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ സിബു ദേവസ്യ കോടതിയെ സമീപിച്ചത്.

ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി ഉള്‍പ്പടെ ഇതര ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ വോട്ടുകള്‍ ചെയ്ത അഞ്ച് വോട്ടര്‍മാര്‍ മഞ്ഞപ്പള്ളി വാര്‍ഡിലും വോട്ട് ചെയ്തതായി സാക്ഷിവിസ്താരത്തില്‍ കോടതി കണ്ടെത്തി. ഈ വോട്ടുകള്‍ ഇരട്ട വോട്ടുകളായി പ്രഖ്യാപിച്ച് കോടതി അസാധുവാക്കുകയാണ് ചെയ്തിരിക്കുന്നത്.

വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ ഈ വോട്ടുകള്‍ ഏതു സ്ഥാനാര്‍ഥിക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് കോടതി ഇനി പരിശോധിക്കുക. അതിനുശേഷം തുടര്‍ നടപടികളിലേക്ക് കോടതി കടക്കും.

കോട്ടയം കളക്ട്രേറ്റിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് മെഷീനുകള്‍ കോടതിയില്‍ എത്തിക്കണം. മാര്‍ച്ച് നാലിന് കേസ് കോടതി വീണ്ടും പരിഗണിക്കും.
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ വി.എന്‍. രാജേഷും സിബു ദേവസ്യയും വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ 601 വോട്ടുകള്‍ നേടി തുല്യ നിലയിലായിരുന്നു. തുടര്‍ന്ന് 15 പോസ്റ്റല്‍ വോട്ടുകളില്‍ ഒന്‍പത് വോട്ടുകള്‍ നേടി മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിന് വി.എന്‍ രാജേഷ് വിജയിക്കുകയായിരുന്നു.

വോട്ടിങ് മെഷീനില്‍ ഇരു സ്ഥാനാര്‍ഥികളും തുല്യ വോട്ടുകള്‍ നേടിയിരുന്നതിനാല്‍ അസാധുവായി പ്രഖ്യാപിച്ച അഞ്ച് വോട്ടുകള്‍ ഏതു സ്ഥാനാര്‍ഥിക്കാണ് ലഭിച്ചിരിക്കുന്നതെന്ന് കോടതിയുടെ അന്തിമ വിധിയില്‍ നിര്‍ണായകമാകും.

സിപിഎം- 10. സിപിഐ- ഒന്ന്, കേരള കോണ്‍ഗ്രസ് (എം)- മൂന്ന്, കോണ്‍ഗ്രസ്- ആറ്, കേരള കോണ്‍ഗ്രസ് – ഒന്ന്, ബിജെപി- രണ്ട് എന്നിങ്ങനെയാണ് കാഞ്ഞിരപ്പള്ളിയിലെ കക്ഷിനില.

Hot Topics

Related Articles