ബെംഗളൂരു: സ്വർണ്ണം കടത്തുന്നതിനിടെ കർണാടകയിൽ സിനിമാ നടി കസ്റ്റംസ് പിടിയിൽ. കന്നഡ നടി രന്യ റാവുവാണ് 14.8 കിലോ സ്വർണവുമായി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡിആർഒ ഉദ്യോഗസ്ഥർ രന്യയെ അറസ്റ്റ് ചെയ്തത്.
ദുബായിൽ നിന്നാണ് രന്യ സ്വർണ്ണം കടത്തിയത്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി ദുബായിൽ നിന്നെത്തിയ രന്യയെ ഡിആർഒ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. രന്യ റാവുവിനെ ഡിആർഒ ഓഫീസിൽ ചോദ്യം ചെയ്തുവരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 15 ദിവസത്തിനിടെ 4 തവണയാണ് നടി ദുബായ് യാത്ര നടത്തിയത്. ഈ യാത്രയുടെ വിവരങ്ങൾ അന്വേഷണ സംഘം തേടിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദുബായിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന രന്യയെ പൊലീസുകാരാണ് വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തുമ്പോൾ, റന്യ ഡിജിപിയുടെ മകളാണെന്ന് പറഞ്ഞ് വീട്ടിലേക്ക് എസ്കോർട്ട് ചെയ്യാൻ ലോക്കൽ പൊലീസിൽ നിന്നും ഉദ്യോഗസ്ഥരെ വിളിക്കും. ഇവരെത്തിയാണ് രന്യയെ കൊണ്ടുപോയിരുന്നത്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും ഡിആർഒ അന്വേഷിക്കുന്നുണ്ട്.