ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര സംവിധായകന് ഗുരുപ്രസാദിനെ (52) മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു നഗരത്തിന് വടക്ക് മടനായകനഹള്ളിയിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. മരണം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ പൊലീസ് സംഘം ഫ്ലാറ്റ് വിശദമായി പരിശോധിക്കുകയാണെന്ന് ബെംഗളൂരു റൂറല്‍ എസ്പി സി കെ ബാബ ഡെക്കാണ് ഹെറാള്‍ഡിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ക്കായി അയച്ചിട്ടുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏതാനും ദിവസം മുന്‍പായിരുന്നു ഗുരുപ്രസാദിന്റെ 52-ാം പിറന്നാള്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന ഗുരുപ്രസാദിന് കടക്കാരില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അടുത്തിടെയാണ് പുനര്‍വിവാഹിതനായത്. 2006 ല്‍ പുറത്തെത്തിയ മാത എന്ന ചിത്രത്തിലൂടെയാണ് ഗുരുപ്രസാദ് സംവിധായകനായി അരങ്ങേറിയത്.
പിന്നീട് എഡ്ഡെലു മഞ്ജുനാഥ, ഡിറക്ടേഴ്സ് സ്പെഷല്‍ തുടങ്ങി അഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഉള്‍പ്പെടെ പത്തിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. സംഭാഷണ രചയിതാവുമായിരുന്നു. ഒപ്പം ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും പങ്കെടുത്തിട്ടുണ്ട്. 2010 ല്‍ പുറത്തെത്തിയ എഡ്ഡെലു മഞ്ജുനാഥ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.