തിരുവനന്തപുരം : ജൂലായ് ഒന്നിന് ആരംഭിച്ച കന്നിയമ്മാൾ വധക്കേസിൽ ആഗസ്റ്റ് ഒന്നിന് അന്തിമ വാദം പൂർത്തിയായി.
കേസിൽ കോടതി ഈ മാസം അഞ്ചിന് വിധിപറയും. 24 ദിവസം കൊണ്ട് മിന്നൽ വേഗത്തിലാണ് കേസ് വിചാരണ പൂർത്തിയായി അന്തിമ ഘട്ടത്തിലേക്കു കടന്നത്. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.
സംശയരോഗിയായ ഭർത്താവ് മാരിയപ്പനാണ് കന്നിയമ്മാളിനെ വെട്ടിക്കൊലപ്പെടുത്തിയത്. ശ്രീവരാഹം മുക്കോലയ്ക്കലുളള വാടക വീടായ എസ്. കെ. നിവാസിന്റെ മുകൾ നിലയിൽ വച്ചായിരുന്നു സംഭവം.2018 സെപ്തംബർ 23 ന് മാരിയപ്പൻ കന്നിയമ്മാളിനെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച് ബോധരഹിതയാക്കിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി ഇരുവരും നടൻ വിക്രമിന്റെ പുതിയ സിനിമയായ സ്വാമി-2 കാണാൻ പോയിരുന്നു. അവിടെവച്ച് കന്നിയമ്മാൾ പരിചയക്കാരനെ നോക്കി ചിരിച്ചതാണ് മാരിയപ്പനെ പ്രകോപിതനാക്കിയത്. വീട്ടിലെത്തിയ മാരിയപ്പൻ ഇതേച്ചൊല്ലി വഴക്കുണ്ടാക്കുകയും കന്നിയമ്മാളിനെ കൊലപ്പെടുത്തുകയുമായിരുന്നു. വീട്ടുടമസ്ഥരായ മോഹൻകുമാറും ഭാര്യ രമണിയും സംഭവ ദിവസം കന്നിയമ്മാളും മാരിയപ്പനും സിനിമ കഴിഞ്ഞ് മടങ്ങിവന്ന് വീട്ടിന്റെ മുകൾ നിലയിലേക്ക് കയറിപോകുന്നത് കണ്ടതായി കോടതിയിൽ മൊഴി നൽകിയിരുന്നു.
പിസ വിതരണക്കാരനായ ഇളയമകൻ മണികണ്ഠൻ സംഭവ ദിവസം രാത്രി 11.30 ന് വീട്ടിൽ മടങ്ങി എത്തിയപ്പോഴാണ് കന്നിയമ്മാൾ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്നത് കാണുന്നത്. കേസിൽ മണികണ്ഠനും സഹോദരൻ ഗണേശനും സാക്ഷികളായിരുന്നു. ഇരുവരും പിതാവായ മാരിയപ്പനെതിരെ കോടതിയിൽ മൊഴി നൽകി. സംശയത്തിന്റെ പേരിൽ അച്ഛൻ പലപ്പോഴും അമ്മയെ മർദ്ദിക്കുമായിരുന്നെന്നും അക്കാര്യം അമ്മ തന്നോട് പല തവണ പറഞ്ഞിരുന്നതായും മൂത്ത മകൻ കോടതിയിൽ മൊഴി നൽകിയിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷനെ സഹായിച്ചത്. അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.