കണ്ണൂർ: തളിപ്പറമ്പിൽ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞ സ്വകാര്യ ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിനിയായ ജോബിയാ ജോസഫാണ് ദാരുണമായി മരിച്ചത്. റോഡിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് തലകീഴായി മറിയുകയായിരുന്നു. കണ്ണൂർ പയ്യന്നൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്ന പിലാകുന്നുമ്മൽ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്.
അമിത വേഗവും മഴയുമാണ് അപകടത്തിന്റെ കാരണമെന്നാണ് ലഭിക്കുന്ന സൂചന. അമിത വേഗത്തിൽ എത്തിയ സ്വകാര്യബസ് നിയന്ത്രണം നഷ്ടമായി റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ തകർന്ന ബസിനുള്ളിൽ നാൽപ്പതോളം ആളുകളുണ്ടായിരുന്നു. പതിനഞ്ചോളം യാത്രക്കാർക്കാണ് പരിക്കേറ്റത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്കു മാറ്റിയത്.