കണ്ണൂർ : പരസഹായമില്ലാതെ ഒന്നും തന്നെ ചെയ്യുവാൻ കഴിയാത്ത ശയ്യാവലംബൻ. പക്ഷേ പ്രിയ സഖാവിനെ അവസാനമായി ഒന്ന് കാണുവാൻ പുഷ്പനെത്തി. തലശ്ശേരിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെയും താങ്ങിയെടുത്ത് പ്രവർത്തകർ കോടിയേരിയുടെ മൃതദേഹത്തിനടുത്തേക്ക് അടുക്കും തോറും മുദ്രാവാക്യം വിളികൾ കൂടുതൽ വികാരാധീനവും ആവേശവുമാവുകയായിരുന്നു.
സ്ട്രക്ച്ചറിൽ കിടന്ന് തല ചെരിച്ച് കോടിയേരിയെ ഒരു നോക്ക് കണ്ട് അനങ്ങുവാൻ പോലും കഴിയാതെ പുഷ്പൻ മടങ്ങുമ്പോൾ അയാളുടെ ഹൃദയം എത്രമാത്രം വേദനിച്ചിരിക്കും. അക്ഷരാർത്ഥത്തിൽ പതിനായിരങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞ നിമിഷം. ഇതിനുമപ്പുറം എങ്ങിനെയാണ് ഒരു ജനകീയ നേതാവിന് കേരളം വിട നൽകുക. ഓരോ നിമിഷവും വികാരാധീനമായ നിമിഷങ്ങളാൽ ദുഃഖഭരിതമായ വിടവാങ്ങൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഷ്ട്രീയ ശത്രുക്കൾ ഇല്ലാതാക്കുവാൻ ശ്രമിച്ചിട്ടും ഇന്നും മനസിന്റെ കരുത്തോടെ പ്രിയ സഖാക്കളുടെ കലവറയില്ലാത്ത സ്നേഹത്തോടെ ജീവിക്കുന്ന പുഷ്പൻ രാഷ്ട്രീയ കേരളത്തിലെ ജീവിക്കുന്ന രക്തസാക്ഷി തന്റെ ജീവിതത്തിന്റെ ദുരന്ത കാലഘട്ടമത്രയും തന്നെ സ്വന്തം നെഞ്ചോട് ചേർത്ത പാർട്ടി സെക്രട്ടറിയെ കണ്ണൂരിന്റെ ജനകീയ നേതാവിനെ എങ്ങിനെയാണ് അവസാനമായി കാണാതിരിക്കുക. ഇതാണ് കമ്യൂണിസം. ഇതാണ് കമ്യൂണിസ്റ്റ് . ഇങ്ങനെയാണ് ഓരോ കമ്യൂണിസ്റ്റുകാരനും ജന മനസിൽ ജീവിക്കുന്നത്. സോഷ്യൽ മീഡിയ പറയുന്ന ഈ വാചകങ്ങൾ അക്ഷരം പ്രതി ശരി തന്നെ.