കണ്ണൂർ: അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിൽ ജൂൺ 14, 15 തീയ്യതികളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവ ജൂൺ 14, 15 തീയ്യതികളിൽ പ്രവർത്തിക്കരുതെന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം.
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 14ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ജൂണ്‍ 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ജൂണ്‍ 17ന് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 മില്ലീ മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കുമെന്നും കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം