കണ്ണൂർ : തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ മർദ്ദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര കമ്മിറ്റിയും കോലധാരിയും. ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും കൈതച്ചാമുണ്ഡി തെയ്യത്തിനിടെ ഇത് പതിവെന്നും തെയ്യം കെട്ടിയ മുകേഷ് പണിക്കർ പറഞ്ഞു. തെയ്യത്തെ കണ്ട് ഭയന്നോടിയവർക്ക് പരിക്കേറ്റതോടെയാണ് കഴിഞ്ഞ ദിവസം തില്ലങ്കേരിയിൽ പ്രശ്നങ്ങളുണ്ടായത്.
പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിനിടെ തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുക്കാരിൽ ചിലർ തല്ലിയത്. രൗദ്ര ഭാവത്തിൽ ആളുകളെ പേടിപ്പിക്കുന്ന തെയ്യമായ കൈതച്ചാമുണ്ഡി കെട്ടിയാടിയത് മുകേഷ് പണിക്കരായിരുന്നു. ആളുകളെ പിന്തുടർന്ന് പേടിപ്പിക്കുന്നതാണ് തെയ്യത്തിന്റെ രീതി. ഇതിനിടയിൽ ചിലർക്ക് പരിക്ക് പറ്റിയത്തൊടെയാണ് സംഘർഷമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ അത് വെറും അഞ്ച് മിനിറ്റ് നീണ്ട പ്രശ്നമെന്നും ക്രൂര മർദ്ദനം ഏറ്റന്ന റിപ്പോർട്ട് ശരിയല്ലെന്നും മുകേഷ് പണിക്കരുടെ വിശദീകരണം. സംഭവത്തിന് ശേഷവും ചടങ്ങുകൾ പതിവുപോലെ നടന്നെന്നും ചില കേന്ദ്രങ്ങൾ വ്യാജ പ്രചാരണം നടത്തിയെന്നുമാണ് ക്ഷേത്ര കമ്മിറ്റിയും പറയുന്നത്. ആചാരം അടിയിലേക്ക് പോയതോടെ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ആർക്കും പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തിരുന്നില്ല.
സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതോടെ തല്ലിനെ ന്യായീകരിച്ചും തള്ളിയും പ്രതികരണങ്ങളും വ്യാപകമായിരുന്നു. ആചാരം അതിരുവിടരുതെന്നു ചിലർ കുറിച്ചപ്പോൾ, കൈതചാമുണ്ഡി തെയ്യത്തിന്റെ രീതി അറിയാത്തതിന്റെ പ്രശ്നമെന്ന് ഒരു വിഭാഗം വാദിക്കുന്നു. അതിനിടയിലാണ് കോലധാരിയുടെ വിശദീകരണം.