കണ്ണൂർ: ആലക്കോട് കാപ്പിമല വെള്ളച്ചാട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കമ്പിൽ നാലാം പീടിക സ്വദേശി ഹസീബ് ആണ് മരിച്ചത്. വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ഉച്ചക്ക് രണ്ട് മണിയോടെ വിനോദ സഞ്ചാരികളാണ് മൃതദേഹം കണ്ടത്. മുങ്ങി മരണമെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസങ്ങളിലും യുവാവ് വെള്ളച്ചാട്ടത്തിൽ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.
അസ്വാഭാവിക മരണത്തിന് ആലക്കോട് പൊലീസ് കേസെടുത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയർ ഫോഴ്സും വിനോദ സഞ്ചാരികളും നാട്ടുകാരും ചേർന്ന് മൃതദേഹം വെള്ളച്ചാട്ടത്തിൽ നിന്ന് കരയിലേക്കും പിന്നീട് ആശുപത്രിയിലേക്കും മാറ്റി. എങ്ങനെയാണ് അപകടം സംഭവിച്ചത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഹസീബിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.