പത്തനംതിട്ട :
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ 3 മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി തിരുവനന്തപുരം റേഞ്ച് ഡി ഐ ജി യുടെ ഉത്തരവ്. ഇലന്തൂർ നെല്ലിക്കാല മായക്കോട്ട് പുത്തൻവീട്ടിൽ റോഷൻ (34) ആണ് ജില്ലയിൽ നിന്നും ഇക്കാലയളവിൽ പുറത്താക്കപ്പെട്ടത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ ) വകുപ്പ് 15(1)(എ) പ്രകാരമാണ് നടപടി. 2019 മുതൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട 5 ക്രിമിനൽ കേസുകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇവ ഉൾപ്പെടുത്തി ജില്ലാ പോലീസ് മേധാവി മേയ് 26 ന് ഡി ഐ ജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
മലയാലപ്പുഴ പൊലീസ് സ്റ്റേഷനിൽ 2019 ലെടുത്ത കേസ് മറ്റു രണ്ട് പ്രതികൾക്കൊപ്പം ഒരാളെ ദേഹോപദ്രവം ഏൽപ്പിച്ചതിന് എടുത്തതാണ്. ഓട്ടോറിക്ഷയിൽ മത്സ്യക്കച്ചവടം നടത്തുന്നയാൾ വാദിയായ നരഹത്യാശ്രമത്തിന് 2020 ൽ ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്തതാണ് അടുത്ത കേസ്. ദേഹോപദ്രവത്തിന് ആറന്മുള പൊലീസ് 2024 ൽ എടുത്ത കേസ് ആണ് മൂന്നാമത്തേത്. ബിയർ കുപ്പി കൊണ്ടുള്ള ആക്രമണത്തിന് കോയിപ്രം പൊലീസ് അതേവർഷം ഇയാൾക്കെതിരെ കേസെടുത്തു. അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയതിന് ഈവർഷം ആറന്മുള പൊലീസ് പ്രതിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളെല്ലാം കോടതിയിൽ വിചാരണയിലാണുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2024 ലെ കേസിന് ജില്ലാ കോടതി അനുവദിച്ച ജാമ്യത്തിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ഇയാൾ ഈവർഷവും ക്രിമിനൽ കേസിൽ ഉൾപ്പെട്ടു, തുടർന്ന് ജാമ്യം റദ്ദാക്കാൻ ഏപ്രിലിൽ ആറന്മുള പോലീസ് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2012 മുതൽ മലയാലപ്പുഴ, ആറന്മുള, കോയിപ്രം പോലീസ് സ്റ്റേഷൻ പരിധികളിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സാമൂഹിക സമാധാനം ലംഘിച്ചുവരുന്ന പ്രതി ആറന്മുള സ്റ്റേഷനിലെ അറിയപ്പെടുന്ന റൗഡി എന്ന ലിസ്റ്റിൽ പെടുന്നയാളാണ്. ജൂണിൽ ഇയാൾക്ക് ഡി ഐ ജി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
അസഭ്യംവിളിക്കൽ, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, കഠിനദേഹോപദ്രവം ഏൽപ്പിക്കൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അതിക്രമിച്ചുകടക്കൽ, നരഹത്യാശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് എടുത്ത കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്. നിയമത്തിനു വഴങ്ങാതെ അടിക്കടി കുറ്റകൃത്യങ്ങളിൽ തുടർന്ന പ്രതിക്കെതിരെ കാപ്പ നിയമത്തിലെ വകുപ്പ് 15(1) പ്രകാരം നടപടിക്കായി ശുപാർശ ജില്ലാ പോലീസ് മേധാവി അയച്ചത്. ഒരു വർഷത്തെ നല്ലനടപ്പ് ജാമ്യത്തിനായി 2024 ഓഗസ്റ്റിൽ അടൂർ എസ് ഡി എം കോടതിക്ക് ആറന്മുള പോലീസ് റിപ്പോർട്ട് സമർപ്പിച്ചത് കോടതിയുടെ പരിഗണയിലാണ്.
ഉത്തരവ് കൈപ്പറ്റിയ ദിവസം മുതൽ മൂന്നുമാസത്തേക്കാണ് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞു ഉത്തരവായത്. ഉത്തരവ് നിലനിൽക്കേ മറ്റേതെങ്കിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ വകുപ്പ് 15(4) അനുസരിച്ച് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും.കോടതികാര്യങ്ങളിലും , അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളിലും ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയോടെ പങ്കെടുക്കാം. പുറത്താക്കിയ കാലയളവിലെ താമസസ്ഥലവും വിലാസവും പൊലീസിനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.