കൊച്ചി: കാരക്കോണം മെഡിക്കല്‍ കോളേജ് കോഴ കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കുറ്റപത്രം സമർപ്പിച്ചു. സി.എസ്.ഐ. സഭ മുൻ അധ്യക്ഷൻ ധർമരാജ് റസാലം, ബെനറ്റ് എബ്രഹാം അടക്കം നാല് പേരെയാണ് കേസില്‍ പ്രതി ചേർത്തിട്ടുള്ളത്. കലൂരിലെ പി.എം.എല്‍.എ. കോടതിയിലാണ് ഇ.ഡി. കുറ്റപത്രം സമർപ്പിച്ചത്.
സോമർവെല്‍ മെമ്മോറിയല്‍ സി.എസ്.ഐ. മെഡിക്കല്‍ കോളേജ് ആണ് ഒന്നാം പ്രതി. സഭാ മുൻ സെക്രട്ടറി ടി.ടി. പ്രവീണും പ്രതിസ്ഥാനത്തുണ്ട്.
കാരക്കോണം മെഡിക്കല്‍ കോളേജില്‍ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ മെഡിക്കല്‍ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനെയും സി എസ് ഐ സഭ സെക്രട്ടറി ടി.ടി. പ്രവീണിനെയും ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇരുവരെയും ചോദ്യം ചെയ്തത്. 500 കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നു എന്നാണ് പരാതിയില്‍ പറയുന്നത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം എൻഫോസിമെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തത്.