കറുകച്ചാല്‍: സ്വകാര്യ ബസിന്റെ വാതിലിൽ കൈ കുടുങ്ങി വിദ്യാർത്ഥിനിയ്ക്ക് ഗുരുതരപരിക്ക്. നെടുംകുന്നം സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി കൂത്രപ്പള്ളി നെല്ലിപ്പള്ളിയില്‍ ജെസിന്ത സിറില്‍സ് (15) നാണു പരിക്കേറ്റത്. കുട്ടി നിലവിളിച്ചിട്ടും മുന്നൂറ് മീറ്റർ നീങ്ങിയ ശേഷമാണു ബസ് നിർത്തിയത്. വിദ്യാർത്ഥിനിയുടെ ഇടതുകൈയ്ക്ക് പൊട്ടലുണ്ട്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെ സെന്റ് തെരേസാസ് സ്‌കൂളിന് മുന്‍പില്‍ നിന്നാണ് കുട്ടി ചങ്ങനാശ്ശേരിയിലേക്ക് പോയ മോര്‍ണിങ്സ്റ്റാര്‍ ബസില്‍ കയറിയത്. തിരക്കിനൊടുവില്‍ അവസാനമായി കയറിയ ജെസിന്ത ഫുട്ബോഡില്‍ നില്‍ക്കുമ്പോള്‍ തന്നെ എയര്‍ഡോര്‍ അടയ്ക്കുകയും ബസ് മുന്നോട്ടെടുക്കുകയുമായിരുന്നു. ബാഗും ഇടതുകൈയ്യും ഡോറിന് പുറത്തായിരുന്നു. ഡോര്‍ അമര്‍ന്നപ്പോള്‍ കുട്ടിയും ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളും നിലവിളിച്ചു. എന്നാല്‍ മുന്നൂറ് മീറ്ററോളം ബസ് നീങ്ങിയ ശേഷം യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് നിര്‍ത്തിയത്. വേദനകൊണ്ട് നിലവിളിച്ച ജെസിന്തയെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ആശ്വസിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ കൈയ്ക്ക് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് അമ്മ ഷീബ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുട്ടിയുടെ കൈയ്യുടെ എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തി. ആശുപത്രിയില്‍ നിന്നും വിവരമറിയിച്ചതോടെ രാത്രിയില്‍ കറുകച്ചാല്‍ പോലീസ് ഷീബയെ വിളിച്ചിരുന്നു. കാര്യങ്ങള്‍ തിരക്കി ഫോണ്‍ വെച്ചതല്ലാതെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസ് ഇതേപ്പറ്റി അന്വേഷിക്കുകയോ ആശുപത്രിയിലെത്തുകയോ ചെയ്തില്ലെന്നാണ് കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്. ഇത് സംബന്ധിച്ച് രണ്ടുപ്രാവശ്യം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും നിങ്ങള്‍ ഡിസ്ചാര്‍ജ് ആയില്ലല്ലോ എത്തിക്കോളാമെന്നായിരുന്നു പോലീസിന്റെ മറുപടിയെന്ന് ഷീബ പറഞ്ഞു.