കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.പി.എം നേതാവ് എ.സി. മൊയ്തീൻ എം.എൽ.എക്ക് ഇ.ഡി വീണ്ടും നോട്ടീസ് അയച്ചു. മൂന്നാം തവണയാണ് കേസിൽ എ.സി. മൊയ്തീന് ഇ.ഡി നോട്ടീസ് നൽകുന്നത്. ഇഡിക്കു മുന്നിൽ ഹാജരാകുമെന്ന് എസി മൊയ്തീൻ പ്രതികരിച്ചു. തിങ്കളാഴ്ച രാവിലെ 11ന് ഇ.ഡിയുടെ കൊച്ചി ഓഫിസിലെത്താനാണ് നിർദേശം.
ഇ.ഡി നോട്ടീസ് അനുസരിച്ച് സെപ്റ്റംബർ 11ന് ഹാജരാകുമെന്നാണ് എ.സി മൊയ്തീൻ അറിയിച്ചത്. നിയമസഭ സമ്മേളനം നടക്കുന്നുണ്ടെങ്കിലും ഹാജരാകുമെന്നും ഇ.ഡി ആവശ്യപ്പെട്ട രേഖകൾ നൽകുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കഴിഞ്ഞയാഴ്ച ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും മൊയ്തീൻ അസൗകര്യം അറിയിച്ചിരുന്നു. 10 വർഷത്തെ ആദായനികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാനാണ് ഇഡി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർച്ചയായ അവധി കാരണം രേഖകൾ സംഘടിപ്പിക്കാൻ പ്രയാസമുണ്ടെന്നും ഇവ ലഭിച്ചശേഷം മറ്റൊരു തീയതിയിൽ ഹാജരാക്കാമെന്നും ഇ-മെയിൽ വഴി ഇ.ഡിയെ അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെപ്റ്റംബർ നാലിന് വീണ്ടും ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയത്. അന്നും ഹാജരാകാതിരുന്നതോടെയാണ് മൂന്നാം തവണയും നോട്ടീസ് അയച്ചത്.
വടക്കാഞ്ചേരിയിലെ എ സി മൊയ്തീന്റെ വീട്ടില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ 22 മണിക്കൂര്‍ നീണ്ട പരിശോധന നടത്തിയിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ ബിനാമി ഇടപാടുകള്‍ക്ക് പിന്നില്‍ മുന്‍ മന്ത്രി എ സി മൊയ്തീനെന്നാണ് ഇ ഡിയുടെ നിലപാട്.
എ സി മൊയ്തീനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ പങ്കുവച്ച് ഇ ഡി പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു ഈ ആരോപണം. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 150 കോടി രൂപയാണ് വ്യാജ വായ്പകളായി തട്ടിയെടുത്തത്. ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.
ബാങ്കില്‍ അംഗങ്ങളല്ലാത്തവര്‍ക്കാണ് വായ്പകള്‍ അനുവദിച്ചത്. ഇത്തരത്തില്‍ 52 വായ്പകളാണ് അനുവദിക്കപ്പെട്ടത് എന്നാണ് കണ്ടെത്തല്‍. ഇതില്‍ പലരും ബിനാമികളാണ് എന്നാണ് വിവരം. ഇത്തരത്തില്‍ 52 പേരില്‍ നിന്ന് മാത്രം സഹകരണ ബാങ്കിന് നഷ്ടം 215 കോടി രൂപയാണെന്നുമാണ് വിലയിരുത്തല്‍.
ഇതിനിടെയാണ്, എ സി മൊയ്തീന് തന്നെ ബിനാമി ഇടപാടുകള്‍ നടത്തിയെന്ന് ഇ ഡി ആരോപിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ ബിജോയ് 30 കോടി വിലമതിക്കുന്ന തട്ടിപ്പ് നടത്തിയതായും ഇ ഡി ചൂണ്ടിക്കാട്ടിയിരുന്നു.