ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. പെൺകുട്ടിയെ കൊലപ്പെടുത്തിയ സ്‌കൂൾ വിദ്യാർഥികളായ മൂന്ന് പ്രതികളും അശ്ലീലവീഡിയോകൾ കാണുന്നവരാണെന്നും ഇതിലെ രംഗങ്ങൾ അനുകരിക്കാൻ ശ്രമിച്ചതാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. കേസിൽ പ്രതികളിലൊരാളുടെ അച്ഛനെയും അമ്മാവനെയും കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം നദിയിൽ ഉപേക്ഷിച്ചതിനും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ജൂലായ് ഏഴാം തീയതിയാണ് മൂന്നാംക്ലാസ് വിദ്യാർഥിനിയെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളിൽ രണ്ടുപേർക്ക് 12 വയസ്സാണ് പ്രായം. ഒരാൾക്ക് 13 വയസ്സും. ഇവർ യഥാക്രമം ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്നവരാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവദിവസം പാർക്കിൽ കളിക്കാൻ പോയ എട്ടുവയസ്സുകാരിയെ പ്രതികളായ മൂന്നുപേരും കളിക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് മൂവരും പെൺകുട്ടിയെ മാറി മാറി പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. വിവരം പുറത്തറിയുമെന്ന ഭയത്താൽ ഇവർ പെൺകുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് കനാലിന് സമീപം മൃതദേഹം സൂക്ഷിച്ചു. ഇതിനുശേഷം പ്രതികളിലൊരാൾ തന്റെ ബന്ധുക്കളെ വിവരമറിയിച്ചു. പിന്നാലെ പ്രതിയുടെ പിതാവും അമ്മാവനും സ്ഥലത്തെത്തുകയും ഇവരുടെ ഇരുചക്രവാഹനത്തിൽ പെൺകുട്ടിയുടെ മൃതദേഹവുമായി കൃഷ്ണ നദിയുടെ സമീപത്തെത്തുകയും ചെയ്തു. ശേഷം മൃതദേഹം കല്ലുകെട്ടി പുഴയിൽ ഉപേക്ഷിച്ചെന്നാണ് ഇവരുടെ മൊഴി. അതേസമയം, സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല.
അശ്ലീലവീഡിയോകൾ കണ്ടിരുന്ന മൂന്ന് വിദ്യാർഥികളും പെൺകുട്ടിയെ കണ്ടപ്പോൾ ഇതിലെ രംഗങ്ങൾ അനുകരിക്കാൻ ശ്രമിച്ചതായാണ് പോലീസ് പറയുന്നത്. തുടർന്ന് മൂവരും പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കാനായി തിരച്ചിൽ തുടരുമെന്നും നന്ദ്യാൽ പോലീസ് സൂപ്രണ്ട് ആദിരാജ് സിങ് റാണ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. അണ്ടർവാട്ടർ ക്യാമറകളും ഡ്രോണുകളും ഉപയോഗിച്ച് മൃതദേഹത്തിനായി തിരച്ചിൽ നടത്തിയിരുന്നു. എൻ.ഡി.ആർ.എഫ്. സംഘവും തിരച്ചിലിനെത്തി. മൃതദേഹം കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്നും എസ്.പി. പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രി വി. അനിതയും അറിയിച്ചു. ജൂലായ് ഏഴിന് വൈകിട്ടാണ് എട്ടുവയസ്സുകാരിയെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതിനൽകിയത്. മുച്ചുമാരിയിലെ പാർക്കിൽ കളിക്കാൻപോയ മകളെ പിന്നീട് കാണാതായെന്നായിരുന്നു പിതാവിന്റെ പരാതി. ഉടൻതന്നെ പോലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപവാസികളെയും നാട്ടുകാരെയും ചോദ്യംചെയ്തു. പക്ഷേ, പെൺകുട്ടിയെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല. ഇതോടെ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തി. തുടർന്ന് പോലീസ് നായയെത്തി നടത്തിയ പരിശോധനയിലാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായത്.
പാർക്കിൽനിന്ന് മണംപിടിച്ച പോലീസ് നായ ആദ്യം പോയത് കൃത്യം നടന്ന സ്ഥലത്തേക്കായിരുന്നു. ഇവിടെനിന്ന് പ്രതികളുടെ വീടിന് മുന്നിലെത്തിയാണ് നായ ഓട്ടംനിർത്തിയത്. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർന്ന് പോലീസ് പ്രാഥമികാന്വേഷണം നടത്തി മൂന്ന് ആൺകുട്ടികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലിൽ പെൺകുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതാണെന്ന് മൂവരും സമ്മതിച്ചു.