തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നില്‍ ഉന്നതരുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട തട്ടിപ്പാണ് നടന്നതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. രാഷ്ട്രീയത്തിലെയും പൊലീസിലെയും ഹൈപ്രൊഫൈല്‍ വ്യക്തികള്‍ ഉള്‍പ്പെട്ട തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നതെന്ന് ഇഡി ആരോപിക്കുന്നു. ആരുടെയും പേര് പരാമര്‍ശിക്കാതെയാണ് ഇഡിയുടെ റിമാൻഡ് റിപ്പോര്‍ട്ടിലെ ആരോപണം.
തൃശൂരിലെ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷന്‍റെ അറസ്റ്റോടെ ഇ ഡി അന്വേഷണം ഇനി ആരിലേക്കെന്ന ചോദ്യമാണ് ഉയര്‍ന്നത്. അരവിന്ദാക്ഷൻ ഒറ്റയ്ക്കല്ലെന്നും കേസില്‍ ഇനിയും പ്രതികളുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്‍റ് കോടതിയെ രേഖാമൂലം അറിയിച്ചത്. പല ഉന്നതരുമായും അരവിന്ദാക്ഷന് ബന്ധമുണ്ട്. ഇവരില്‍ ആരൊക്കെ തട്ടിപ്പിന്‍റെ പങ്ക് പറ്റി എന്ന് കണ്ടെത്താനാണ് ഇഡി ശ്രമിക്കുന്നത്. ഇഡിയുടെ തുടര്‍ നടപടി എം കെ കണ്ണനെയും എ സി മൊയ്തീനെയും ലക്ഷ്യമിട്ടാണെന്ന് ഉറപ്പായതോടെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. ആരോപണവിധേയരടക്കം നടപടികള്‍ രാഷ്ട്രീയ വേട്ടയെന്ന് ആവര്‍ത്തിക്കുകയാണ് നേതൃത്വം .