കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ സി.പി.എം സംസ്ഥാന സമിതി അംഗം .എംകെ കണ്ണന് കര്‍ശന നിര്‍ദേശവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വ്യാഴാഴ്ചയ്ക്കുള്ളില്‍ കണ്ണന്റെയും കുടുംബത്തിൻ്റെയും സ്വത്തു വിവരങ്ങള്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. പലതവണ ആവശ്യപ്പെട്ടിട്ടും രേഖകള്‍ ഹാജരാക്കാത്ത സാഹചര്യത്തിലാണ് ഇ.ഡി നടപടി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് എത്തിയപ്പോഴും സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ എം.കെ കണ്ണൻ ഹാജരാക്കിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കര്‍ശന നിര്‍ദേശം. വ്യാഴാഴ്ചയ്ക്കകം എം.കെ കണ്ണന്റെയും കുടുംബത്തെയും സ്വത്തു വിവരങ്ങളും ആദായനികുതി അടച്ചതിന്റെ രേഖകളും ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയും ഇ.ഡി നല്‍കുന്നുണ്ട്. കഴിഞ്ഞതവണ ഹാജരായപ്പോള്‍ എം.കെ കണ്ണൻ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ലെന്നാണ് ഇ.ഡി പറഞ്ഞത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചുകൊണ്ട് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയെന്നും ഇ.ഡി ആരോപിച്ചിരുന്നു.
കേസിലെ ഒന്നാംപ്രതി സതീഷ് കുമാറുമായുള്ള എം.കെ കണ്ണന്റെ ഇടപാടുകളുടെ കാര്യത്തില്‍ വ്യക്തത വരുത്താനുള്ള അന്വേഷണമാണ് ഇ.ഡിയുടെ ഭാഗത്ത് നിന്ന് തുടരുന്നത്. അതിനിടെ മുൻമന്ത്രി എ.സി മൊയ്തീന് വീണ്ടും നോട്ടീസ് നല്കുന്ന കാര്യത്തിലും അന്വേഷണസംഘം ഉടൻ തീരുമാനമെടുക്കും. അടുത്തയാഴ്ച വിളിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് ഇ.ഡി.