ബംഗളൂരു: കർണാടക നിയമസഭയില്‍ ആളിക്കത്തി ഹണിട്രാപ്പ് വിവാദം. ദേശീയ നേതാക്കളടക്കം 48 പേരെ ഹണിട്രാപ്പില്‍ കുടുക്കിക്കഴിഞ്ഞുവെന്ന് സഹകരണമന്ത്രി കെ.എൻ രാജണ്ണ സഭയില്‍ ആരോപിച്ചു.രണ്ട് പാർട്ടികളില്‍പ്പെട്ടവരാണ് കുടുങ്ങിയത്. സംസ്ഥാനത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്ന വിഷയമല്ല ഇത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേശീയ നേതാക്കളടക്കം കുടുങ്ങിയിട്ടുണ്ടെന്നാണ് മന്ത്രി ആരോപിച്ചത്. സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കും. അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിജയപുര എം.എല്‍.എ ബസനഗൗഡ പാട്ടീലാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. സംസ്ഥാനത്തെ സഹകരണമന്ത്രിയെ ചിലർ ഹണിട്രാപ്പില്‍ കുടുക്കാൻ ശ്രമിച്ചുവെന്നും ജനപ്രതിനിധികളെ ഇത്തരത്തില്‍ ലക്ഷ്യംവെക്കുന്നത് മോശം പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി സഹകരണമന്ത്രി കെ.എൻ രാജണ്ണ രംഗത്തെത്തിയത്. ‘കർണാടക സി.ഡി, പെൻഡ്രൈവ് ഫാക്ടറിയായി മാറിയെന്നാണ് പലരും പറയുന്നത്. തുമകുരുവില്‍നിന്നുള്ള വൻസ്വാധീനശക്തിയുടെ മന്ത്രി ഹണിട്രാപ്പില്‍ കുടുങ്ങിയെന്നും പറയപ്പെടുന്നു. തുമകുരുവില്‍നിന്നുള്ള രണ്ട് മന്ത്രിമാർ ഞാനും ആഭ്യന്തരമന്ത്രി ജി പരസേശ്വരയുമാണ്. അതിനാല്‍ വിഷയത്തില്‍ അന്വേഷണം വേണം’ – മന്ത്രി കെ.എൻ രാജണ്ണ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്നെയും ഹണിട്രാപ്പില്‍ കുടുക്കാൻ ചിലർ ശ്രമിച്ചുവെന്ന് മന്ത്രി രാജണ്ണ സഭയില്‍ തുറന്ന് സമ്മതിച്ചു. ‘എന്നെയും കുടുക്കാൻ ശ്രമിച്ചു. എന്റെ കൈവശം തെളിവുണ്ട്. രേഖാമൂലം പരാതി നല്‍കും. ഇതിന് പിന്നില്‍ ആരെന്ന് ജനം അറിയട്ടെ. നിർമാതാക്കളും സംവിധായകരും ആരാണെന്ന് പുറത്തുവരട്ടെ. രണ്ട് പാർട്ടികളില്‍നിന്നുള്ള 48 പേരാണ് കുടുങ്ങിയിട്ടുള്ളത്. ഗൗരവതരമായ പൊതുപ്രശ്നമാണിത്’ – അദ്ദേഹം പറഞ്ഞു. ഇതോടെ, വിഷയത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യക്തമാക്കി.
അതേസമയം കർണാടകയില്‍ ഇത് ഒരു പുതിയ സംഭവമല്ലെന്ന് മന്ത്രി സതീഷ് ജാർകിഹോളി പറഞ്ഞു. ഒരു മന്ത്രിയെ ലക്ഷ്യവെച്ച് രണ്ട് ശ്രമങ്ങള്‍ നടന്നു. പക്ഷേ വിജയിച്ചില്ല. കഴിഞ്ഞ 20 വർഷമായി ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് എന്നീ എല്ലാ പാർട്ടികളും ഇതില്‍ ഇരകളാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ടീയത്തില്‍ അത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് ഗുണകരമല്ല. ചില ആളുകള്‍ ഇത്തരം സാഹചര്യങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു, ഇത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.