വ്യാപാര ലൈസൻസ് പുതുക്കൽ: വ്യാപാരികളെ വട്ടം കറക്കി കരുനാഗപ്പള്ളി നഗരസഭ

ജനപ്രതിനിധികളും ജീവനക്കാരും ഗാഢനിദ്രയിൽ

Advertisements

കൊല്ലം: വ്യാപാര സ്‌ഥാപനങ്ങളുടെ ലൈസൻസ് ഓൺലൈൻ വഴി പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിവർഷം കോടികൾ നികുതിയായി നൽകുന്ന വ്യാപാരികളെ കരുനാഗപ്പള്ളി നഗരസഭ വട്ടം കറക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാപാര ലൈസൻസ് പുതുക്കണമെങ്കിൽ കഴിഞ്ഞവർഷം വരെയും അവിടെയെത്തി അപേക്ഷ എഴുതി, അതിൽ 5 രൂപയുടെ സ്റ്റാമ്പ് അപ്പുറത്തെ കടയിൽ നിന്നും 6 രൂപ കൊടുത്ത് വാങ്ങി, അത് ക്യൂ നിന്ന് സൂപ്രണ്ടിനെക്കൊണ്ട് ആ സ്റ്റാമ്പിൽ വരപ്പിച്ച്, പിന്നെ ഫ്രണ്ട്-ഓഫീസിൽ കാണിച്ച് നമ്പർ ഇടീച്ച്, പിന്നെ അതുമായി ഹെൽത്തിന്റെ ആളെപ്പോയി കണ്ട് അവർ എഴുതുന്ന തുകയും പിന്നെ തൊഴിൽക്കരവും ഓഫീസിന്റെ നികുതിയും ഫ്രണ്ട്-ഓഫീസിൽ വന്ന് വീണ്ടും ക്യൂ നിന്ന് അടച്ച്, വീണ്ടും ലൈസൻസ് ഹെൽത്തിലെ ആളുടെ കയ്യിൽ നൽകണം. ഇതിൽ എഴുതിയ ചില കാര്യങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയിട്ടുണ്ടാകാം. തുഗ്ലക്കിന്റെ പരിഷ്‌ക്കാരം ആകയാൽ ഇതൊന്നും ഒരൊറ്റ വ്യാപാരിക്കും ഓർത്തുവെക്കാനും കഴിയുന്നില്ല.

ഏകദേശം ഒന്ന് മുതൽ മൂന്ന് ദിവസം വരെ ജോലിയും കൂലിയും കച്ചവടവും കളഞ്ഞ് നഗരസഭാ ഓഫീസിൽ പോയാൽ ഒരു കാര്യവും സമയത്തിന് നടക്കാത്ത സ്ഥിതിയാണ്. രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ “ലൈസൻസ് പുതുക്കിയോ??” എന്ന് ചോദിച്ചുകൊണ്ട് വീണ്ടും ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരെ കാണണം. വർഷങ്ങളായി ഇതൊക്കെയനുഭവിച്ച വ്യാപാരികൾ ഒരു പ്രധാന ആവശ്യം മുന്നോട്ടുവച്ചു. ഒന്നുകിൽ വ്യാപാര ലൈസൻസ് പുതുക്കാൻ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ ഒരു ഏകജാലക സംവിധാനം ഏർപ്പെടുത്തുക; അല്ലെങ്കിൽ ഒരു മൊബൈൽ ആപ്പ് റെഡിയാക്കുക എന്ന ആവശ്യത്തിൻമേൽ ഇതുവരെ നടപടിയായില്ല.

സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന നഗരസഭയിൽ പോയിട്ടുള്ളവർക്കറിയാം അവിടുത്തെ തിക്കുംതിരക്കും. അവിടുത്തെ സ്റ്റാഫുകൾക്കിരിക്കാൻ തന്നെ സ്ഥലമില്ലാത്ത നഗരസഭാ ഓഫീസിൽ പൊതുജനങ്ങൾ കൂടിയെത്തിയാൽ പൂരപ്പറമ്പും തോറ്റു പോകുന്ന ‘നരകസഭ’യാണ്.

നഗരസഭയിൽ കൂടുതൽ സൗകര്യമേർപ്പെടുത്താൻ പുതിയ കെട്ടിടം നിർമ്മിച്ച്, രണ്ടുകൊല്ലം മുമ്പ് ഉദ്ഘാടനവും നടത്തിയ ഓഫീസ് പ്രവർത്തനം ഇതുവരെ തുടങ്ങിയിട്ടുമില്ല. നഗരസഭയ്ക്കും നാട്ടുകാർക്കും അപമാനമായി ഉദ്ഘാടനം ചെയ്ത കെട്ടിടം നോക്കുകുത്തിയായ അവിടെ നിൽക്കുന്നുണ്ട്.

ഈ വർഷം മുതൽ ലൈസൻസ് പുതുക്കൽ ഓൺലൈനിൽ ആക്കി. അപ്പോഴാണ് ഇവരുടെ തുഗ്ലക്കിന്റെ ഭരണപരിഷ്‌ക്കാരം വ്യാപാരികൾക്ക് ഡബിൾസ്ട്രോങ്ങിൽ ഇരുട്ടടിയായത്. അക്ഷയസെന്ററിൽ ചെന്നപ്പോൾ അവർ പറയുന്നു, തൊഴിൽക്കരം മുനിസിപ്പാലിറ്റിയിൽ തന്നെ അടക്കണം, എന്നിട്ട് അവർ ഒരു സത്യവാങ്മൂലത്തിന്റെ പേപ്പർ നൽകും, അതുമായി ഇവിടെ വന്നാൽ നിങ്ങൾക്ക് ലൈസൻസ് പുതുക്കാമെന്ന്. എങ്ങനെയുണ്ട് മുനിസിപ്പാലിറ്റിയുടെ ഭരണപരിഷ്‌ക്കാരം? കഴിഞ്ഞ വർഷം വരെ ഒരു ഓഫീസിൽ മാത്രം കയറി-ഇറങ്ങിയ വ്യാപാരികൾ ഈ വർഷം മുതൽ അക്ഷയകേന്ദ്രത്തിലും പോകേണ്ടതുണ്ട്. ഇവ പുതുക്കാൻ അക്ഷയകേന്ദ്രം വാങ്ങുന്ന ഫീസും വളരെ കൂടുതലാണെന്ന് വ്യാപക പരാതിയുമുണ്ട്. എന്തെന്നാൽ അതിനൊരു ഫീസ് വ്യവസ്‌ഥ സർക്കാർ അക്ഷയകേന്ദ്രത്തിന് നൽകിയിട്ടില്ല എന്നും അറിയുന്നു.

എന്നാൽ കരുനാഗപ്പള്ളിയിലെ മറ്റ് മിക്ക ജനസേവാകേന്ദ്രങ്ങൾക്ക് ഇങ്ങനെ ഓൺലൈനായി ലൈസൻസ് പുതുക്കാൻ അറിയില്ല എന്നത് ആശ്ചര്യമായി തോന്നി അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചത് കുറച്ച് മാസങ്ങൾക്കുമുമ്പ് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ വെച്ച് അവർ ഈ ഓൺലൈൻ ലൈസൻസ് പുതുക്കൽ ട്രെയിനിങ് നടത്തിയിരുന്നെന്നും എന്നാൽ അതിൽ ഇവിടെയുള്ള രണ്ട് അക്ഷയകേന്ദ്രത്തിലെ ആളുകളെ മാത്രമേ പങ്കെടുപ്പിച്ചിരുന്നുള്ളൂ എന്നും അറിയാൻ സാധിച്ചു. അങ്ങനെ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി അധികാരികൾ ചെയ്തിട്ടുണ്ടെങ്കിൽ ഇവിടുത്തെ ജനസേവാ-ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ അതിനെക്കുറിച്ച് അന്വേഷിക്കേണ്ടതാണ്. കരുനാഗപ്പള്ളിയുടെ മറ്റ് പ്രദേശങ്ങളിൽ അക്ഷയസെന്ററുകൾ വരാതിരിക്കാൻ ഹൈസ്ക്കൂൾ ജംഗ്‌ഷനിലെ അക്ഷയകേന്ദ്രം സ്റ്റേ നേടിയിട്ടുണ്ടെന്നും അതിനെതിരെ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ചെറുവിരൽപോലും അനക്കാത്തത് ചിലരെയൊക്കെ സഹായിക്കാനാണെന്നും അങ്ങാടിപ്പാട്ടാണ്.

ജനങ്ങൾക്ക് സേവനവും സൗകര്യവും ഒരുക്കേണ്ട ഒരു മുനിസിപ്പൽ ചെയർമാനും സർക്കാർ ജോലിക്കാരനായ മുനിസിപ്പൽ സെക്രട്ടറിയും അടിയന്തിരമായി വ്യാപാരികളുടെ ലൈസൻസ് പുതുക്കുന്ന വിഷയത്തിൽ ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.