കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനും കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിനും അക്കൗണ്ടുകളുണ്ട്. ലോക്കല്‍ കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളാണ് ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ പാര്‍ട്ടി അക്കൗണ്ടുകളിലൂടെ വൻ തുകയുടെ ഇടപാട് നടന്നുവെന്നും ബിനാമി ലോണുകളുടെ കമ്മീഷൻ തുകയും അക്കൗണ്ടിലെത്തിയെന്നുമാണ് ഇഡി കണ്ടെത്തല്‍. ബാങ്ക് ക്രമക്കേട് പുറത്തായത്തിന് പിന്നാലെ പാര്‍ട്ടി അക്കൗണ്ടില്‍ നിന്ന് 90 ശതമാനം തുകയും പിൻവലിച്ചു. എന്നാല്‍ അക്കൗണ്ടിലെ പണമിടപാട് വിവരങ്ങള്‍ കൈമാറാൻ സിപിഎം തയ്യാറായില്ല. അക്കൗണ്ടിലെ പണത്തിന്റെ വിവരം കൈമാറാതെ ഒഴിഞ്ഞുമാറിയ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് മൊഴി നല്‍കിയത്.