തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പിനിരയായ സ്ത്രീ നല്‍കിയ പരാതിയില്‍ മുന്‍ ബാങ്ക് മാനേജറെ പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ കോടതി ഉത്തരവ്. മാപ്രാണം മുത്രത്തിപ്പറമ്പില്‍ ബിജു കരീമിനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. മൂര്‍ക്കനാട് പൊയ്യാറ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.
ജയ്ഷയുടെ ഭര്‍ത്താവ് ഗൗതമന്‍ 2013 ഡിസംബര്‍ ഏഴിന് കരുവന്നൂര്‍ ബാങ്കില്‍ നിന്നും അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. പിന്നീടിത് അടച്ചു തീര്‍ക്കുകയും കുറച്ചുപണം സ്ഥിരനിക്ഷേപം ഇടുകയും ചെയ്തു. 2018 ജൂണ്‍ 24 ന് ഗൗതമന്‍ മരിച്ചു. അതിനിടെ 2022 ല്‍ ജയ്ഷയുടെ വീട്ടിലെത്തിയ കരുവന്നൂര്‍ ബാങ്കിലെ ഉദ്യോഗസ്ഥര്‍ ഗൗതമന്റെ പേരില്‍ ബാങ്കില്‍ 35 ലക്ഷത്തിന്റെ വായ്പാകുടിശ്ശിക ഉണ്ടെന്നും അടച്ചു തീര്‍ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഇത് വ്യാജ വായ്പയാണെന്ന് കാണിച്ച് ജയ്ഷ പൊലീസിലും ക്രൈംബ്രാഞ്ചിലും ബാങ്കിലും പരാതിപെട്ടെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെയാണ് കോടതിയെ സമീപിച്ചത്. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതിയാണ് ബിജു കരീം. തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.