തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നിൽ തന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്ഥിരനിക്ഷേപം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ജോഷിക്ക് സമാധാനം. ജോഷിയുടെ പേരിലുള്ള സ്ഥിര നിക്ഷേപം പലിശ സഹിതം 28 ലക്ഷം രൂപ ബാങ്കിന്റെ നിലവിലെ ഭരണസമിതി ചെക്കായി നൽകി. കുടുംബാംഗങ്ങളുടെ പേരിലുള്ള ബാക്കി തുകയ്ക്ക് മൂന്ന് മാസത്തിനുള്ളിൽ ഒരു തീയ്യതി നിശ്ചയിച്ച് നാളെ തന്നെ ചെക്ക് നൽകാമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ജോഷി പ്രതികരിച്ചു.
മൂന്നര മണിക്കൂറോളം ജോഷിയുമായി ബാങ്കിന്റെ സിഇഒ രാജേഷും മാനേജര്‍ വിജയാനന്ദും ചര്‍ച്ച നടത്തി. ഇതിനൊടുവിലാണ് തുകയുടെ കാര്യത്തിൽ തീരുമാനമായത്. ബാങ്ക് പ്രതിസന്ധിയിലായപ്പോൾ കുടുംബബന്ധത്തിലടക്കം പ്രശ്നങ്ങൾ ഉണ്ടായെന്നും പണം ഇത്രയെങ്കിലും തിരികെ കിട്ടിയ സാഹചര്യത്തിൽ അതിലൊക്കെ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നതെന്നും ജോഷി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിക്ഷേപം തിരിച്ചു കൊടുക്കാമെന്ന സർക്കാർ ഉറപ്പ് ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് ജോഷി സമരത്തിനെത്തിയത്. ജോഷിയുടെ പണം ഇപ്പോൾ നൽകാമെന്ന് ബാങ്ക് പ്രതിനിധികൾ വ്യക്തമാക്കിയപ്പോൾ കുടുംബാംഗങ്ങളുടെ കൂടെ പണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. അതിന് ബാങ്ക് സമയം ചോദിച്ചപ്പോൾ ഇക്കാര്യം എഴുതി നൽകണമെന്ന് ജോഷി നിലപാടെടുത്തു. ചര്‍ച്ചകൾക്ക് ഒടുവിലാണ് മുഴുവൻ നിക്ഷേപവും മൂന്ന് മാസത്തിൽ തിരികെ നൽകാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.