കൊച്ചി: തൃശൂർ കരുവന്നൂർ കള്ളപ്പണ ഇടപാട് കേസില്‍ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും. സിപിഎമ്മിനെ പ്രതി ചേർത്തതും പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെയും വിവരങ്ങളും പൊലീസ് മേധാവിക്ക് കൈമാറും. പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 66(2) പ്രകാരമാണ് നടപടി. വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും.
അതേസമയം, കരുവന്നൂരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വൈകുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈകോടതി വീണ്ടും പരിഗണിക്കും. നാല് വർഷം കഴിഞ്ഞിട്ടും സംസ്ഥാന പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിൽ സിംഗിൾ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസ് ഫയലുകളെല്ലാം എൻഫോഴ്സ്മെന്റ് എടുത്തുകൊണ്ട് പോയതുകൊണ്ടാണ് അന്വേഷണം മുന്നോട്ടുപോകാത്തതെന്നാണ് സംസ്ഥാന സർക്കാർ നൽകിയ മറുപടി. ഈ നിലയിൽ പോയാൽ കേസ് സിബിഐയ്ക്ക് കൈമാറേണ്ടിവരുമെന്ന് കോടതി ഇന്നലെ പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കള്ളപ്പണക്കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡിറക്ട്രേറ്റ് രേഖകൾ മുഴുവൻ എടുത്തു കൊണ്ടു പോയതിനാലാണ് തങ്ങളുടെ അന്വേഷണത്തിന് തടസമുണ്ടായതെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി. ഒർജിനൽ രേഖകൾ കിട്ടിയാൽ മാത്രമേ അന്വേഷിക്കൂ എന്നാണ് നയമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. സാധാരണക്കാരുടെ പണമാണ് കൊള്ളചെയ്തത്.
ഇപ്പോഴത്തെ നിലയിൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസത്തെ സമയം കൂടി വേണ്ടിവരുമെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ഹർജിയിൽ ഇന്ന് ഹാജരായി മറുപടി നൽകാനാണ് സിംഗിൾ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.